Advertisement

പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയതയെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

March 1, 2022
Google News 1 minute Read

വിഭാഗീയത അവസാനിച്ച ശേഷമുള്ള പാര്‍ട്ടി സമ്മേളനമെന്ന് സിപിഐഎം അവകാശപ്പെടുമ്പോഴും വിഭാഗീയത പുതിയ മാനംതേടുന്നുവെന്ന് വ്യക്തമാക്കി പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാലക്കാട്ടും ആലപ്പുഴയും കടുത്ത വിഭാഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു കാലത്ത് പാര്‍ട്ടിയ്ക്ക് ഏറ്റവും തലവേദന ഉയര്‍ത്തിയിരുന്നത് ആലപ്പുഴയിലെ വിഭാഗീയതായിരുന്നു. അന്ന് നിലനിന്നിരുന്ന വി.എസ് – പിണറായി അച്ചുതണ്ടുകളിലൂന്നിയ വിഭാഗീയ പ്രവണതകള്‍ അവശേഷിച്ചെങ്കിലും പ്രാദേശിക വിഭാഗീയ പ്രവര്‍ത്തനം ശക്തമാകുന്നുവെന്നാണ് സംസ്ഥാന നേതൃത്വം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഏരിയാ തലത്തിലാണ് വിഭാഗീയത ശക്തം. സമ്മേളനങ്ങളില്‍ വിഭാഗീയ നീക്കങ്ങള്‍ ശക്തമായുണ്ടായി. ഇത്തരത്തില്‍ വര്‍ധിച്ചു വരുന്ന പ്രാദേശിക വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സംഘടനാ നടപടി ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

Read Also : തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നടപടി മയപ്പെടുത്തി; സിപിഐഎം എറണാകുളം ജില്ലാ നേതൃത്വത്തിന് വിമർശനം

ജി.സുധാകരനെതിരായ നടപടി സംഘടനാ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. സുധാകരന്റെ തെറ്റ് പാര്‍ട്ടി തിരുത്തി. പ്രവര്‍ത്തന പാരമ്പര്യവും പാര്‍ട്ടിക്കു നല്‍കിയ സേവനവും പരിഗണിച്ചാണ് ഈ തിരുത്തലെന്നും പരാമര്‍ശമുണ്ട്. ജി.സുധാകരന്റെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം.

എറണാകുളം ജില്ലാ നേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുയര്‍ന്നത്. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ നടപടി മയപ്പെടുത്താന്‍ ജില്ല നേതൃത്വം ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. പക്ഷപാതിത്വം കാട്ടിയാണ് നടപടികള്‍ തീരുമാനിച്ചത്. ശരിയായ നടപടിയെടുക്കാന്‍ ഒടുവില്‍ സംസ്ഥാന നേതൃത്വം ഇടപെടേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അന്വേഷണ കമ്മിഷന്‍ അച്ചടക്ക നടപടികള്‍ ശുപാര്‍ശ ചെയ്‌തെങ്കിലും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്‍.സി.മോഹനനടക്കമുള്ള നേതാക്കള്‍ക്കെതിരായ നടപടി പരസ്യ ശാസനയിലൊതുക്കാന്‍ ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് അന്ന് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചത്.

കൂടാതെ, എറണാകുളം ജില്ലാ സമ്മേളനം സമ്മേളനങ്ങളുടെ ശോഭ കെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ എറണാകുളത്ത് എല്ലാ ഘടകങ്ങളിലും മത്സരങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം കീഴ്ഘടകങ്ങളില്‍ മികച്ച രീതിയില്‍ സമ്മേളനങ്ങള്‍ നടത്താനായി. എന്നാല്‍ ജില്ലാ കമ്മിറ്റി അംഗം ജില്ലാ സമ്മേളനത്തിനിടയില്‍ ഇറങ്ങി പോയത് സമ്മേളനത്തിന്റെ ശോഭകെടുത്തിയിരുന്നു. അത്തരത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പരസ്യവിമര്‍ശനവുമായി ഇറങ്ങിപ്പോയത് ഒഴിവാക്കണമായിരുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാര്‍ക്കെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങളുണ്ട്. സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാര്‍ക്കാണ് വിമര്‍ശനം. അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പലരും പങ്കെടുക്കാറില്ലെന്ന വിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥലത്തുള്ള മന്ത്രിമാര്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റിന് എത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
സെക്രട്ടേറിയേറ്റിനെ കുറിച്ചുള്ള വിലയിരുത്തലില്‍ ഇ.പി.ജയരാജനെതിരേയും വിമര്‍ശനമുണ്ട്. സെക്രട്ടേറിയേറ്റ് പൊതുവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ചില അംഗങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല. ഇ.പി.ജയരാജന്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന തീരുമാനം ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കമ്മിറ്റിയില്‍ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് ചിലരില്‍ കാണുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെപറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

Story Highlights: cpim state confrence report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here