Advertisement

രക്ഷാദൗത്യത്തിന് വ്യോമസേനയും; സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും

March 1, 2022
Google News 2 minutes Read

യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതൽ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മാത്രമല്ല ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടച്ചു. ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുതെന്നും അതിർത്തിയിൽ തിരക്കുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളിൽ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിർദേശിച്ചിരുന്നു. പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചതിനെ
തുടർന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

Read Also : യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് യുക്രൈന്‍; അപേക്ഷയില്‍ സെലന്‍സ്‌കി ഒപ്പുവച്ചു

കീവിലെ മുസോവയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ആക്രമണമുണ്ടായി. കഴിഞ്ഞ 48 മണിക്കൂറിനിടെ ഖാര്‍ക്കീവിലാണ് ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത്. ഖാര്‍ക്കീവില്‍ മാത്രം 12ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ലക്ഷത്തിലധികം പേര്‍ ഇവിടെ നിന്നും പലായനം ചെയ്‌തെന്നാണ് യുഎന്‍ റിപ്പോര്‍ട്ട്.

ഇതിനിടെ ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളറിൻ്റെ സഹായം നൽകുമെന്ന വാഗ്ധാനവുമായി ഓസ്ട്രേലിയ. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെട്ട ആയുധങ്ങൾ വാങ്ങുന്നതിനാൽ യുക്രൈനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. നേറ്റോയുമായുള്ള സഹകരണത്തോടെയാവും സഹായം. ആയുധങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും മോറിസൺ അറിയിച്ചു.

Story Highlights: India scales up Operation Ganga; IAF may deploy C-17 aircraft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here