Advertisement

‘ഇത് ഇറാഖോ അഫ്ഗാനോ അല്ല, സമ്പന്നരായ വെളുത്ത വർഗക്കാരാണ് ഇവർ’; പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിൽ പ്രതിഷേധം

March 1, 2022
Google News 1 minute Read

യുക്രൈനെതിരെ റഷ്യ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ പാശ്ചാത്യ ന്യൂസ് ചാനലുകളുടെ വംശീയ റിപ്പോർട്ടിംഗിനെതിരെ പ്രതിഷേധം ഉയരുന്നു. യുക്രൈൻ അഭയാർത്ഥികൾ സമ്പന്നരായ, സംസ്കാരമുള്ള, ക്രിസ്ത്യാനികളാണെന്ന പരാമർശങ്ങൾക്കെതിരെയാണ് സമൂഹമാധ്യമങ്ങൾ പ്രതിഷേധിക്കുന്നത്. ഇന്ത്യൻ മൾട്ടിനാഷണൽ ഇംഗ്ലീഷ് ചാനലായ വിയോൺ ഇത്തരം വംശീയ റിപ്പോർട്ടിംഗുകൾ കൂട്ടിയിണക്കി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്.

ബ്രിട്ടീഷ് ചാനലായ ബിബിസിയുമായി സംസാരിക്കുന്ന യുക്രൈനിലെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടറായ ഡെവിഡ് സക്‌വരേലിഡ്സെ പറയുന്നത്, “നീലക്കണ്ണുകളും ചെമ്പൻ മുടിയുമുള്ള യൂറോപ്യൻ ജനത കൊല്ലപ്പെടുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു” എന്നാണ്. അതിഥിയാണ് പറയുന്നതെങ്കിലും ഇയാളെ തിരുത്താൻ വാർത്താവതാരകൻ ശ്രമിക്കുന്നില്ല. അമേരിക്കൻ ചാനലായ എൻബിസിയുടെ റിപ്പോർട്ടർ പറയുന്നത് ഇങ്ങനെ: “ഇവർ സിറിയയിൽ നിന്നുള്ള അഭയാർത്ഥികളല്ല. ഇവർ ക്രിസ്ത്യാനികളാണ്, വെളുത്ത വർഗക്കാരാണ്, അവർ നമ്മെപ്പോലെയുള്ളവരാണ്.”

മറ്റൊരു അമേരിക്കൻ ചാനൽ സിബിഎസ് ന്യൂസും വംശീയ പ്രസ്താവന നടത്തി. “ഇത് ഇറാഖോ അഫ്ഗാനിസ്ഥാനോ അല്ല. ഇത് താരതമ്യേന സംസ്കാര സമ്പന്നരായ, ഒരു യൂറോപ്യൻ പട്ടണമാണ്” എന്നാണ് സിബിഎസ് ന്യൂസിൻ്റെ ഫോറിൻ കറസ്പോണ്ടൻ്റ് ചാർലി ഡി’അഗത പറയുന്നത്. മിഡിൽ ഈസ്റ്റ് ചാനലായ അൽ ജസീറയും സമാന രീതിയിലുള്ള റിപ്പോർട്ട് നടത്തി. വാർത്താവതാരകനായ പീറ്റർ ഡോബിയാണ് വംശീയ പരാമർശം നടത്തുന്നത്. ഡോബി പറയുന്നത് ഇങ്ങനെ: “ഇവർ സമ്പന്നരായ, മധ്യവർഗ ആളുകളാണ്. മിഡിൽ ഈസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന കേവലം അഭയാർത്ഥികളല്ല”

ഇത്തരം വംശീയ പരാമർശങ്ങൾക്കെതിരെ ട്വിറ്ററിലടക്കം ആളുകൾ രംഗത്തുവരുന്നുണ്ട്.

Story Highlights: racist news reporting uraine russia war

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here