നൽകിയത് തെറ്റായ മേൽവിലാസം, ഡെലിവറി ബോയിയ്ക്ക് ഭക്ഷണം സമ്മാനമായി നൽകി; ഇത് ഹൃദയം തൊട്ടൊരു പ്രതികരണം…

ഈ ലോകം വിവരണാതീതമായ യാദൃശ്ചികതകൾ നിറഞ്ഞതാണ്. ആരെയാണ് നമ്മൾ കണ്ടുമുട്ടുന്നത് ആരാണ് നമുക്ക് കൈത്താങ്ങാവുന്നത് എന്നത് മുൻകൂട്ടി കാണാൻ പറ്റില്ല. ഒരിക്കൽ പോലും അറിയാത്തവരാകാം ഒരു പക്ഷെ നമുക്ക് ഒരു നേരത്തെ പുഞ്ചിരി സമ്മാനിക്കുന്നത്. അതിന് ഒരു ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ സംഭവം വ്യക്തമാക്കുന്നത്. ഒരാൾ ഒരു റെസ്റ്റോറന്റിൽ നിന്ന് ഒരു ഓൺലൈനിൽ ഭക്ഷണം ഓർഡർ നൽകിയിരുന്നു. പക്ഷേ അബദ്ധത്തിൽ തെറ്റായ വിലാസമാണ് നൽകിയത്.
തനിക്ക് ഓർഡർ ഡെലിവറി ചെയ്യാൻ പോകുന്ന ഡെലിവറി ബോയുമായി ഉണ്ടായ അനുഭവമാണ് ഷാ ഡേവിസ് എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഈ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭക്ഷണം ഓർഡർ ചെയ്ത് കഴിഞ്ഞ് ഡെലിവെറി സമയത്താണ് വിലാസം മാറ്റാൻ മറന്ന വിവരം ശ്രദ്ധയിൽ പെട്ടത്. താൻ മുമ്പ് താമസിച്ചിരുന്ന വിലാസത്തിലേക്ക് ഭക്ഷണം എത്തിക്കാൻ പുറപ്പെട്ട ഡെലിവറിക്കാരനുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്തു.
താൻ ഇപ്പോൾ താമസിക്കുന്നത് അയോവയിൽ അല്ലെന്നും അത് തൻറെ പണ്ടത്തെ താമസസ്ഥലമായിരുന്നെന്നും ഡെലിവറി ബോയ്ക്ക് അയച്ച മെസേജിൽ പറയുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും ഡെലിവറി ബോയുടെ സമയം പാഴാകാതിരിക്കാൻ ഭക്ഷണം അയാളോട് എടുക്കാനും ഭക്ഷണം ആസ്വദിക്കാനും ഷാ ഡേവിസ് പറഞ്ഞു. ഡേവിസ് നൽകിയ മെസ്സേജിന് ഡ്രൈവർ നൽകിയ മറുപടി കണ്ണ് നനയ്ക്കുന്നതായിരുന്നു. സ്‌ക്രീൻഷോട്ടിൽ, ഡ്രൈവർ ഡേവിസിന് നന്ദി പറയുന്ന ചാറ്റും ഡേവിസ് പങ്കുവെച്ചിട്ടുണ്ട്.
“ഞാൻ നിങ്ങളോട് വീണ്ടും നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് എന്റെ സഹോദരന്റെ ജന്മദിനമാണ്. നിങ്ങൾ ഈ ഡെലിവറി എടുക്കാൻ നിർദ്ദേശിച്ച സ്ഥലത്ത് നിന്ന് വളരെ ദൂരെയല്ലാതെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു,” അദ്ദേഹം പറഞ്ഞു. “നിങ്ങൾ കാരണം ഞാൻ ഇന്ന് അദ്ദേഹത്തോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത്. ഇത് എനിക്ക് എത്രമാത്രം വിലപിടിപ്പുള്ളതാണെന്ന് നിങ്ങൾക്കറിയില്ല, ഞാൻ അതിനെ ശരിക്കും അഭിനന്ദിക്കുന്നു,” ഡെലിവറി ഡ്രൈവറുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
ഇങ്ങനെയൊരു സംഭവം നടന്നതിൽ ഇപ്പോൾ ഞാൻ വളരെ സന്തോഷവാനാണെന്നും ഡേവിസ് കുറിച്ചു. ഇതിനോടകം നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഹൃദയ സ്പർശിയായ സംഭവം എന്നാണ് ഇതിനെ കുറിച്ച് ആളുകൾ പ്രതികരിച്ചത്.
Story Highlights: Man Gives His Meal To Delivery Guy Due To Wrong Address, His Response Will Make You Teary-eyed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here