Advertisement

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു

March 2, 2022
Google News 1 minute Read
operation ganga rescue romania

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം C-17 ഗ്ലോബ്മാസ്റ്റർ റൊമാനിയയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. (operation ganga rescue romania)

യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം കേന്ദ്ര സർക്കാർ ഊർജിതമാക്കിയതോടെ ഡൽഹിയിൽ ഇന്ന് 7 വിമാനങ്ങൾ എത്തും. 218 ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡൽഹിയിൽ എത്തും. ഇതുവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 10 പ്രത്യേക വിമാനങ്ങളിൽ 2,261 ഇന്ത്യയിൽ തിരികെ എത്തിച്ചു. അതേസമയം യുദ്ധം തുടരുന്ന ഖാർക്കീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കായുള്ള പദ്ധതികളും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ യുക്രൈനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി.

Read Also : യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ശുപാര്‍ശ

ബുക്കാറസ്റ്റിൽനിന്നും ബുഡാപെസ്റ്റിൽനിന്നുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങളിലാണ് 47 മലയാളി വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്കു ന്യൂഡൽഹിയിൽ എത്തിയത്. രക്ഷാദൗത്യത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 27ന് 57ഉം രണ്ടാം ദിവസം 48ഉം മലയാളി വിദ്യാർഥികൾ ന്യൂഡൽഹിയിൽ എത്തിയിരുന്നു.

ന്യൂഡൽഹിയിലും മുംബൈയിലുമെത്തുന്ന മലയാളി വിദ്യാർഥികൾ കേരളത്തിൽ അവരുടെ വീടുകളിൽ എത്തുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ സംഘം ഇരു വിമാനത്താവളങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഓരോരുത്തരുടേയും സ്വദേശത്തോട് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് ലഭ്യതയനുസരിച്ചാണ് നാട്ടിലേക്ക് അയക്കുന്നത്. മുംബൈയിൽനിന്നും ഡൽഹിയിൽനിന്നും നാട്ടിൽ എത്തുന്നതുവരെയുള്ള ടിക്കറ്റ് ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.

ന്യൂഡൽഹി വിമാനത്താവളത്തിൽ കേരള ഹൗസിലെ ലെയ്‌സൺ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം തുറന്നാണ് പ്രവർത്തനം. മുംബൈ വിമാനത്താവളത്തിൽ മുംബൈ കേരള ഹൗസിലെ നോർക്ക വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കേരളത്തിലെത്തുന്ന വിദ്യാർഥികളുടെ യാത്രയടക്കമുള്ള കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നോർക്ക റൂട്ട്‌സിലെ ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമേ യുക്രൈനിലുള്ള വിദ്യാർഥികൾക്കും നാട്ടിലുള്ള അവരുടെ രക്ഷകർത്താക്കൾക്കും ബന്ധപ്പെടുന്നതിനായി നോർക്ക റൂട്ട്‌സിന്റെ 24 മണിക്കൂർ കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. 18004253939 എന്ന ടോൾഫ്രീ നമ്പറിൽ സഹായം ലഭ്യമാകും.

Story Highlights:

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here