റഷ്യയുമായി ബന്ധമുള്ള എല്ലാ കപ്പലുകൾക്കും ബ്രിട്ടീഷ് തുറമുഖങ്ങളിൽ നിരോധനം

റഷ്യയുമായി ബന്ധമുള്ള എല്ലാ കപ്പലുകൾക്കും ബ്രിട്ടീഷ് തുറമുഖങ്ങളിൽ നിരോധനം. യുക്രൈനുമായുള്ള റഷ്യയുടെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടൻ്റെ തീരുമാനം. ബ്രിട്ടീഷ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് ആണ് ഇക്കാര്യം അറിയിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ഷാപ്പ്സിൻ്റെ അറിയിപ്പ്.
‘റഷ്യയുമായി ബന്ധമുള്ള കപ്പലുകൾക്ക് ബ്രിട്ടീഷ് തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് പൂർണ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഞങ്ങൾ.’- ഗ്രാൻ്റ് ഷാപ്പ്സ് ട്വീറ്റ് ചെയ്തു.
ഇതിനിടെ ഏഴ് റഷ്യൻ ബാങ്കുകൾക്ക് ദക്ഷിണ കൊറിയ വിലക്കേർപ്പെടുത്തി. റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് ധനമന്ത്രാലയത്തിന്റെ നടപടി. Sberbank, VEB, PSB, VTB, Otkritie, Sovcom, ovikom എന്നിവയാണ് വിലക്ക് നേരിട്ട ബാങ്കുകളെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ യൂണിയൻ വിഷയത്തിൽ തുടർനടപടികൾ കൈക്കൊണ്ട ശേഷം സ്വിഫ്റ്റ് ഗ്ലോബൽ പേയ്മെന്റ് സിസ്റ്റത്തിൽ നിന്നും റഷ്യൻ ബാങ്കുകളെ ഉടനടി തടയുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റഷ്യക്കെതിരെ കയറ്റുമതിക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഐടി, വ്യോമയാനം, ബഹിരാകാശം എന്നീ മേഖലകളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വസ്തുക്കളുടെ കയറ്റുമതിക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്.
യുക്രൈനിലെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്കെതിരായി കൂടുതൽ കമ്പനികളും രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തുന്നത് തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണ- വാതക നിർമാതാക്കളിലൊന്നായ എക്സോൺ, ആപ്പിൾ, ഫോർഡ്, ജനറൽ മോട്ടേഴ്സ് ഉൾപ്പെടെയുള്ള കമ്പനികളും റഷ്യക്കെതിരെ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യുഎസ് എയ്റോസ്പേസ് കമ്പനിയായ ബോയിങും റഷ്യൻ വിമാനക്കമ്പനികൾക്കുള്ള സേവനങ്ങൾക്ക് താത്ക്കാലികമായി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: UK bans ships Russian links British ports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here