“ഈ രാജ്യത്ത് നിങ്ങളോടൊപ്പം ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു”; സെലൻസ്കിയ്‌ക്കൊപ്പം സ്വന്തം ജനതയെ ചേർത്തുപിടിച്ച് യുക്രൈന്‍ പ്രഥമ വനിത…

റഷ്യയുടെ ആക്രമണത്തിൽ യുക്രൈൻ പോരാടി നിൽക്കുകയാണ്. ഒരിക്കൽ പോലും നേതാക്കളുടെ പട്ടികയിൽ ആഘോഷിക്കപെട്ട പേരല്ല വൊളോദിമിര്‍ സെലെന്‍സ്‌കിയുടേത്. എന്നാൽ ഇപ്പോൾ നായക പരിവേഷമാണ് യുക്രൈന്‍ പ്രസിഡന്റിന് ലഭിച്ചിരിക്കുന്നത്. തന്റെ രാജ്യത്തെയും ജനതയെയും സംരക്ഷിക്കാൻ എത്ര വലിയ പ്രതിസന്ധിയോടും ഏറ്റുമുട്ടാൻ തയ്യാറായ നേതാവിനെയാണ് ഇതോടെ ലോകം കണ്ടത്. രാജ്യവും ജനങ്ങളും പ്രതിസന്ധി നേരിടുമ്പോഴാണ് നേതാക്കൾ പിറവിക്കൊള്ളുന്നത് എന്ന് കേട്ടിട്ടില്ലേ.. ഇന്ന് ഒരു ജനതയ്ക്ക് മുന്നിൽ വൊളോദിമിര്‍ സെലെന്‍സ്‌കി അതാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോടാണ് അദ്ദേഹവും രാജ്യവും പൊരുതി നിൽക്കുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവുംവലിയ അധിനിവേശത്തിനും കീഴടങ്ങാതെ മുന്നില്‍നിന്ന് നയിക്കുന്ന നേതാവിനെയാണ് നമ്മൾ കണ്ടത്. രക്ഷപെടാൻ അവസരങ്ങൾ ഉണ്ടായിട്ടും തന്റെ ജനങ്ങൾക്കൊപ്പം അദ്ദേഹം പോരാടി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞ പേരാണ് സെലെൻസ്കിയുടേത്. എന്നാൽ അദ്ദേഹത്തോടൊപ്പം രാജ്യത്തെ സൈനികരോടൊപ്പം യുക്രൈൻ ജനതെയെ ചേർത്തുപിടിച്ചൊരാളുണ്ട്. യുക്രൈനിന്റെ പ്രഥമ വനിത ഒലേന സെലന്‍സ്ക. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഭാര്യ. പ്രഥമ വനിതാ, പ്രസിഡന്റിന്റെ പത്നി എന്നീ പേരുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഒലേന സെലന്‍സ്കയുടെ ജീവിതം. റഷ്യൻ ആക്രമണത്തെ രാജ്യം നേരിടുമ്പോൾ പ്രസിഡന്റിനൊപ്പം തന്നെ യുക്രൈൻ ജനതയ്ക്ക് ധൈര്യം നൽകിക്കൊണ്ട് സെലൻസ്കയും രംഗത്തെത്തിയിരുന്നു. റഷ്യൻ സൈന്യം കീവ് വളഞ്ഞപ്പോഴും വഴങ്ങാൻ വിസമ്മതിച്ച് ഭർത്താവിന്റെ അരികിൽ ശക്തമായി നിൽക്കുന്ന സെലൻസ്കയുടെ ധൈര്യവും നിശ്ചയദാർഢ്യവും പ്രശംസനീയമാണ്.
44 കാരിയായ ഒലേന സെലന്‍സ്ക അഭിനേത്രി, വാസ്തുശില്പി, തിരക്കഥാകൃത്ത് കൂടിയാണ്. 2019-ൽ ഫോക്കസ് മാഗസിൻ പ്രസിദ്ധീകരിച്ച യുക്രൈനിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ ഒരാളായി യുക്രൈനിയൻ പ്രഥമ വനിതയെ തിരഞ്ഞെടുത്തിരുന്നു. ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് ഒലേന സെലന്‍സ്ക നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു. റഷ്യൻ ആക്രമണം ശക്തമായി തുടരുമ്പോഴും സെലൻസ്ക ജനതയ്ക്ക് ധൈര്യം പകർന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ സന്ദേശങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു.

രാജ്യത്തെ അഭിസംബോധന ചെയ്ത് സെലൻസ്ക കുറിച്ചതിങ്ങനെ “ഏറ്റവും പ്രിയപ്പെട്ട ജനങ്ങളെ, ഞാൻ ഓർക്കുന്നത് നിങ്ങൾ ഓരോരുത്തരെയും കുറിച്ചാണ്. ടിവിയിലും ഇന്റർനെറ്റിലും തെരുവുകളിലും ഞാൻ നിങ്ങളെ കാണുന്നുണ്ട്. നിങ്ങളുടെ പോസ്റ്റുകളും വീഡിയോകളും എല്ലാം ഞാൻ കാണുന്നു. പിന്നെ എന്താണെന്നറിയാമോ? നിങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക് പറയാനുള്ളത് നിങ്ങൾ അസാധാരണ മനുഷ്യരാണ്. ഈ രാജ്യത്ത് നിങ്ങളോടൊപ്പം ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. പലരും പറഞ്ഞുകേട്ടു നിങ്ങൾ ആൾക്കൂട്ടമാണെന്ന്. എന്നാൽ ഇതൊരു ആൾക്കൂട്ടമല്ല. ഇതൊരു സൈന്യമാണ്. ഇനി എനിക്ക് പരിഭ്രാന്തിയും കണ്ണീരും ഉണ്ടാകില്ല. കാരണം ഞാൻ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഇരിക്കുകയാണ്. എന്റെ കുഞ്ഞുങ്ങൾ എന്നെ ഉറ്റുനോക്കുന്നു. ഞാൻ അവരോടൊപ്പം ഉണ്ടാകും. എന്റെ ഭർത്താവിനും നിങ്ങൾക്കും ഒപ്പവും ഞാൻ ഉണ്ടാകും”.
ഒലേന സെലന്‍സ്കയുടെ വാക്കുകൾ യുക്രേനിയൻ ജനതയ്ക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സോഷ്യൽ മീഡിയയിലൂടെ സെലന്‍സ്ക തന്റെ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. 1978ൽ ക്രിവി റിയിലായിരുന്നു സെലൻസ്കയുടെ ജനനം. ആർക്കിടെക്ചറിൽ ഉന്നത വിദ്യാഭ്യാസം നേടി. അതുകഴിഞ്ഞ് എഴുത്തിന്റെ വഴി സ്വീകരിക്കുയായിരുന്നു. സിനിമകള്‍ക്കും ടെലിവിഷൻ ഷോകൾക്കും എഴുതുന്നത് കൂടാതെ യുക്രെയ്നിലെ പ്രമുഖ നിർമാണ കമ്പനിയായ കവർതാൽ 95ന്റെ സ്ഥാപകരിൽ ഒരാളും കൂടിയാണ് ഒലേന. പ്രഥമ വനിത എന്ന പദവിയിലെത്തിയതോടെ യുക്രൈൻ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിൽ എന്നും സെലൻസ്ക ശ്രദ്ധിച്ചിട്ടുണ്ട്. 2003ലായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയും ഒലേന സെലൻസ്കയും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ട് കുട്ടികളാണ് ഉള്ളത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here