വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

കൊല്ലം പോരുവഴി വിസ്മയയുടെ മരണത്തിൽ പ്രതി കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. ഹർജി അംഗീകരിച്ച സുപ്രിംകോടതി കിരൺ കുമാറിന് റെഗുലർ ജാമ്യം അനുവദിക്കുകയായിരുന്നു. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കൽ പൂർത്തിയായെന്ന വാദം കോടതി അംഗീകരിച്ചു.
ഇനി വിസ്മയ കേസിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടതുള്ളൂ. വിസ്മയ കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.എന്നാൽ കിരൺ കുമാറിന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വച്ച് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. കേരള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കിരണിനെ പിന്നാലെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാര്‍ഹിക പീഡനത്തിനും കേസെടുത്തിരുന്നു.
Story Highlights: Vismaya case- Supreme Court granted bail to Kiran Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here