‘യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം വരാനിരിക്കുകയാണെന്ന് ഭയക്കുന്നു’; പുടിനുമായി സംസാരിച്ച ശേഷം മാക്രോണ്‍

യുക്രൈനെ പൂര്‍ണമായും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നല്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുടിനുമായി 90 മിനിറ്റുകള്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.
യുക്രൈനെ പൂര്‍ണമായി പിടിച്ചടക്കുമെന്ന നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും മാക്രോണ്‍ പ്രസ്താവിച്ചു. യുക്രൈനെ നാസിവല്‍ക്കരണത്തിന് നിന്ന് മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിന്‍ ഉപയോഗിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസമേഖലകളെ റഷ്യന്‍ സൈന്യം വ്യാപകമായി ആക്രമിക്കുന്നു എന്ന ആരോപണം പുടിന്‍ നിഷേധിച്ചെന്നും മാക്രോണ്‍ വ്യക്തമാക്കി.
യുക്രൈനിലെ ലക്ഷ്യങ്ങളെല്ലാം നേടുമെന്ന് പുടിന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് പറഞ്ഞിരുന്നു. എന്ത് വിലകൊടുത്തും ലക്ഷ്യങ്ങള്‍ നേടുമെന്നാണ് പുടിന്‍ അവകാശപ്പെട്ടത്. യുക്രൈനെതിരെ റഷ്യയുടെ അധിനിവേശം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് അധിനിവേശത്തില്‍ നിന്ന് പിന്മാറാനോ സൈന്യത്തെ പിന്‍വലിക്കാനോ തയ്യാറല്ലെന്ന സന്ദേശം പുടിന്‍ നല്‍കുന്നത്.
യുക്രൈന്റെ പ്രധാന തെക്കന്‍ തുറമുഖ നഗരമായ ഖേഴ്‌സണ്‍ റഷ്യന്‍ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി പ്രദേശവാസികള്‍ പറയുന്നു. റഷ്യന്‍ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാന്‍ കഴിയില്ല, വാഹനം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല, സൈന്യം ആവശ്യപ്പെട്ടാല്‍ വാഹനം പരിശോധനയ്ക്ക് നല്‍കണം എന്നിവയാണ് പുതിയ നിയമങ്ങള്‍.
ഇപ്പോള്‍ നഗരം ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആരും വീടുകളില്‍ നിന്ന് പുറത്തു പോയിരുന്നില്ല. പക്ഷേ ഇന്ന് ഭക്ഷണത്തിനും മറ്റുമായി പുറത്തു ഇറങ്ങാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ഇപ്പോഴും പോരാട്ട ശബ്ദം കേള്‍ക്കുന്നുണ്ടെന്നും പ്രദേശവാസി പറയുന്നു. താമസക്കാര്‍ക്ക് ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റും ഉണ്ട്, മെഡിക്കല്‍ സപ്ലൈസ് പ്രതീക്ഷിക്കാമെന്ന് കേള്‍ക്കുന്നു അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ റഷ്യയുടെ പദ്ധതികള്‍ തകര്‍ത്തെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. ആക്രമണം ശക്തമാകുമ്പോഴും റഷ്യന്‍ സേനയുടെ മനോവീര്യം തകര്‍ന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. എല്ലാ നഗരങ്ങളും തെരുവുകയും വീടുകളും പുനഃസ്ഥാപിക്കുമെന്ന് സെലന്‍സ്‌കി വ്യക്തമാക്കി.
Story Highlights: emmanuel macron on russia ukraine war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here