യുക്രൈൻ ആണവനിലയത്തിലെ ആക്രമണം; കാരണം തിരക്കി ലോക നേതാക്കൾ
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിന്റെ കാരണം അന്വേഷിച്ച് ലോകനേതാക്കൾ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും വ്ളാദിമിർ സെലൻസ്കിയെ വിളിച്ചു. യുഎൻ സുരക്ഷാ സമിതി അടിയന്തരമായി ചേരണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. യുക്രൈനിലെ ആണവ നിലയത്തിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെയാണ് ആവശ്യമുന്നയിച്ച്. ഇതിനിടെ ഖേഴ്സൺ ടെലിവിഷൻ കേന്ദത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യം ഏറ്റെടുത്തു. യുക്രൈനിന്റെ തെക്കൻ മേഖലകളിൽ റഷ്യ ആധിപത്യം ഉറപ്പിച്ചു. ഖേഴ്സൺ നഗരം റഷ്യൻ സേന കൈയടക്കി.
യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യ ആണവനിലയത്തിലാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. അഗ്നിശമന സേനാംഗങ്ങൾക്ക് ആണവനിലയത്തിന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ് അന്താരാഷ്ട്ര ആണവോർജ എജൻസി.
യൂറോപ്പിലെ തന്നെ ഏറ്രവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ഇവിടെയുണ്ടാകുന്ന ആക്രമണം 1986 ലെ ചെർണോബൈൽ ദുരന്തത്തേക്കാൾ ഭീകരമായിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ആണവനിലയത്തിലെ റിയാക്ടറിനെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നാണ് അറിയേണ്ടത്. റിയാക്ടറിന് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുക.
ആണവനിലയത്തിന് മേലുള്ള ആക്രമണം നിർത്താൻ യുക്രൈൻ വിദേശകാര്യ മന്ത്രി മിത്രോ കുലേബ റഷ്യൻ സൈനികരോട് ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Read Also : യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
റഷ്യ-യുക്രൈൻ യുദ്ധം ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണം ശക്തമാക്കുകയാണ് റഷ്യ. ഒഡെസ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഈ മേഖലയിൽ റഷ്യൻ വിമാനം വെടുവച്ചിട്ടതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെർണിവിൽ റഷ്യൻ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. രണ്ട് സ്‌കൂളുകൾ തകർന്നു.
Story Highlights: Fire put out near Ukrainian nuclear plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here