Advertisement

ആദ്യ ടെസ്റ്റ്; ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യക്ക് മികച്ച സ്കോർ

March 4, 2022
Google News 2 minutes Read
india innings test srilanka

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച സ്കോർ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തിട്ടുണ്ട്. ഋഷഭ് പന്ത് (96) ടോപ്പ് സ്കോററായപ്പോൾ ഹനുമ വിഹാരി (58), രവീന്ദ്ര ജഡേജ (45 നോട്ടൗട്ട്) എന്നിവരും ഇന്ത്യക്കായി തിളങ്ങി. നൂറാം ടെസ്റ്റ് മത്സരത്തിനിരങ്ങിയ വിരാട് കോലി 45 റൺസെടുത്ത് പുറത്തായി. ജഡേജക്കൊപ്പം ആർ അശ്വിനും (10) ക്രീസിൽ തുടരുകയാണ്. (india innings test srilanka)

തുടക്കം മുതൽ ആക്രമിച്ചാണ് ഇന്ത്യ കളിച്ചത്. മോശം പന്തുകളെറിഞ്ഞ ശ്രീലങ്ക ഇന്ത്യയെ കയ്യയച്ച് സഹായിക്കുകയും ചെയ്തു. 52 റൺസിൻ്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ടിൽ ഓപ്പണർമാർ പങ്കാളിയായി. രോഹിത് ശർമ്മയെ പുറത്താക്കിയ ലഹിരു കുമാരയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. കുമാരയെ പുൾ ചെയ്ത് സിക്സർ നേടാനുള്ള രോഹിതിൻ്റെ ശ്രമം സുരങ്ക ലക്മലിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. മൂന്നാം നമ്പറിൽ വിഹാരിയെത്തി. ഈ കൂട്ടുകെട്ട് ഏറെ മുന്നോട്ടുപോയില്ല. 33 റൺസെടുത്ത മായങ്കിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ലസിത് എംബുൽഡേനിയ കൂട്ടുകെട്ട് പൊളിച്ചു.

Read Also : 45ൽ കോലി പുറത്ത്; ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം

മൂന്നാം വിക്കറ്റിൽ കോലി-വിഹാരി സഖ്യം വളരെ മികച്ച രീതിയിൽ ബാറ്റ് വീശി. പൂജാരയുടെ അഭാവത്തിൽ മൂന്നാം നമ്പറിലിറങ്ങിയ വിഹാരി ഒരു വശത്ത് പിടിച്ചുനിന്നു. ഇതിനിടെ താരം ഫിഫ്റ്റിയടിക്കുകയും ചെയ്തു. കോലിയും മികച്ച ഫോമിലായിരുന്നു. മത്സരം പൂർണമായും ഇന്ത്യ നിയന്ത്രിക്കവെയാണ് ലസിത് എംബുൽഡേനിയയുടെ ഒരു അൺപ്ലേയബിൾ പന്തിൽ കോലിയുടെ കുറ്റി തെറിക്കുന്നത്. മൂന്നാം വിക്കറ്റിൽ ഹനുമ വിഹാരിയുമൊത്ത് 90 റൺസ് കൂട്ടിച്ചേർത്തതിനു ശേഷമാണ് കോലി മടങ്ങിയത്. ഏറെ വൈകാതെ വിഹാരിയും പുറത്തായി.

അഞ്ചാം വിക്കറ്റിൽ ശ്രേയാസ് അയ്യർ-ഋഷഭ് പന്ത് സഖ്യവും നന്നായി ബാറ്റ് വീശി. 53 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളി ആയ ഈ സഖ്യത്തെ ധനഞ്ജയ ഡിസിൽവ വേർപിരിച്ചു. 27 റൺസെടുത്ത ശ്രേയാസിനെ ധനഞ്ജയ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. ആറാം വിക്കറ്റിൽ ഒത്തുചേർന്ന പന്ത്-ജഡേജ സഖ്യമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 73 പന്തുകളിൽ നേടിയ ഫിഫ്റ്റിക്ക് പിന്നാലെ പന്ത് ഗിയർ മാറ്റി. സ്പിന്നർമാരെ കടന്നാക്രമിച്ച താരം അടുത്ത 24 പന്തുകളിൽ അടിച്ചെടുത്തത് 46 റൺസ്. ഒടുവിൽ അർഹമായ സെഞ്ചുറിക്ക് 4 റൺസകലെ പന്ത് മടങ്ങി. സെക്കൻഡ് ന്യൂ ബോൾ എടുത്ത ആദ്യ ഓവറിൽ സുരങ്ക ലങ്ക്മലിനു മുന്നിലാണ് പന്ത് വീണത്. താരം കുറ്റി തെറിച്ച് മടങ്ങുകയായിരുന്നു. ആറാം വിക്കറ്റിൽ ജഡേജയുമൊത്ത് 157 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയതിനു ശേഷമാണ് പന്ത് പുറത്തായത്.

Story Highlights: india first innings test srilanka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here