വനിതാ ലോകകപ്പ്: തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വിൻഡീസ്; ആതിഥേയർക്ക് രണ്ട് വിക്കറ്റ് നഷ്ടം

വനിതാ ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു. ബാറ്റിംഗ് ഓപ്പൺ ചെയ്ത ഹെയ്ലി മാത്യൂസ് 119 റൺസുമായി വിൻഡീസിൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനു വേണ്ടി ലിയ തഹൂഹു 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡിന് രണ്ട് വിക്കറ്റുകൾ നഷ്റ്റമായി.
ദേന്ദ്ര ഡോട്ടിനെ (12) വേഗം നഷ്ടമായെങ്കിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ഹെയ്ലി മാഹ്യൂസ് വിൻഡീസിനെ മുന്നോട്ടുനയിക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ, ഹെയ്ലിയുമായിച്ചേർന്ന് കൂട്ടുകെട്ടുകളുയർത്താൻ അവർക്കു സാധിച്ചു. ചെഡീൻ നേഷൻ (36), സ്റ്റെഫാനി റ്റെയ്ലർ (30), ഷെമൈൻ കാംപ്ബെൽ (20) എന്നിവരൊക്കെ ഹെയ്ലി മാത്യൂസിനു പിന്തുണ നൽകി. 128 പന്തുകളിൽ 119 റൺസെടുത്ത മാത്യൂസ് 45ആം ഓവറിലാണ് പുറത്തായത്.
മറുപടി ബാറ്റിംഗിൽ സൂസി ബേറ്റ്സ് (3) നിർഭാഗ്യകരമായി റണ്ണൗട്ടായപ്പോൾ ബാറ്റിംഗ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ അമേലിയ കെർ (13) വിക്കറ്റിനു മുന്നിൽ കുരുങ്ങി. ബാറ്റിംഗിൽ തിളങ്ങിയ ഹെയ്ലി മാത്യൂസ് ആണ് കിവീസ് നിരയിലെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് നേടിയത്. 25 ഓവർ പൂർത്തിയാവുമ്പോൾ ന്യൂസീലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്. ക്യാപ്റ്റൻ സോഫി ഡിവൈൻ (63), വൈസ് ക്യാപ്റ്റൻ ഏമി സാറ്റർത്‌വെയ്റ്റ് (26) എന്നിവരാണ് ക്രീസിലുള്ളത്. 67 അപരാജിതമായ റൺസാണ് ഇവർ ഇതുവരെ പടുത്തുയർത്തിയിരിക്കുന്നത്.
Story Highlights: womens world cup newzealand west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here