കതിരൂർ മനോജ് വധക്കേസ്; പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹർജി തള്ളി

കതിരൂർ മനോജ് വധക്കേസ് പ്രതികളുടെ ജാമ്യത്തിനെതിരെയുള്ള സിബിഐ ഹർജി തള്ളി. ഒന്നാം പ്രതി വിക്രമൻ ഉൾപ്പെടെയുള്ളവരുടെ ജാമ്യം ശരിവച്ച് സുപ്രിംകോടതി. 15 സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. ജാമ്യം കിട്ടി ഒരു വർഷത്തിന് ശേഷമാണ് സിബിഐ മേൽക്കോടതിയെ സമീപിക്കുന്നതെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. നേരത്തെ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള കർശന ഉപാധിയോടെയായിരുന്നു ജാമ്യം. 2014 ലാണ് ആർഎസ്എസ് നേതാവ് കതിരൂർ മനോജിനെ കൊല്ലപ്പെട്ടത്. 2014 സെപ്റ്റംബർ 11 ന് വിക്രമൻ അറസ്റ്റിലായി. 2014 സെപ്റ്റംബർ ഒന്നിനാണ് കതിരൂരിൽ ആർഎസ്എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബ് എറിഞ്ഞശേഷം, വണ്ടിയിൽ നിന്ന് വലിച്ചിറക്കി വെട്ടി കൊന്നത്.
യുഎപിഎ നിയമത്തിലെ 18, 15 (1) (എ) (1), 16 (എ), 19 വകുപ്പുകൾക്ക് പുറമേ, കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന, അന്യായമായി സംഘംചേരൽ, കലാപമുണ്ടാക്കാൻ ശ്രമം, മാരകായുധമുപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചേർത്താണ് സിബിഐ കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
Story Highlights: kadirur-manoj-murder-case-bail-stands-supreme-court-rejected-petition-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here