യുദ്ധത്തിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ അടിപതറി ലോകാജ്യങ്ങള്‍; രൂപയുടെ തകര്‍ച്ചയും രൂക്ഷമാകുന്നു

റഷ്യയുടെ യുക്രൈന്‍ അധിനിവേശം പത്താം ദിവസവും തുടരുമ്പോള്‍ ഇതിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ പല ലോകരാജ്യങ്ങള്‍ക്കും അടിപതറുന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് പല വിപണികള്‍ക്കും ഭീഷണിയായത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചര്‍ ബാരലിന് 111.34 ഡോളറിലെത്തുകയാണ്. യുഎസ് ഡോളര്‍ സൂചിക 0.27 ശതമാനം ഇടിഞ്ഞ് 98.05 ആയിട്ടുണ്ട്. യുദ്ധം ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയും രൂക്ഷമാക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 76.16ല്‍ എത്തി.
ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയുടെ തുടക്കത്തില്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ കറന്‍സി മാര്‍ക്കറ്റില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 76.06 എന്ന നിലയിലായിരുന്നു. വ്യാപാര ആഴ്ചയുടെ അവസാനമായപ്പോഴേക്കും മൂല്യം 22 പൈസയോളം ഇടിയുകയായിരുന്നു.
വ്യാഴാഴ്ച, അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായി ബാരലിന് 120 ഡോളറിലേക്കെത്തിയിരുന്നു. ഇന്ത്യന്‍ ഓഹരി വിപണികളിലും യുദ്ധം സൃഷ്ടിച്ച അനശ്ചിതത്വം തുടരുകയാണ്. വ്യാപാര ആഴ്ച അവസാനിച്ചപ്പോള്‍ ബിഎസ്ഇ സെന്‍സെക്‌സ് 768.87 പോയിന്റ് ഇടിവ് നേരിട്ടിരുന്നു. ഇത് 1.40 ശതമാനം വരും. നിഫ്റ്റിയിലും 252 പോയിന്റുകളുടെ ഇടിവുണ്ടായിട്ടുണ്ട്. നിഫ്റ്റി 16245 പോയിന്റിലും സെന്‍സെക്‌സ് 54333.81 പോയിന്റിലും എത്തിയാണ് വിപണി അടച്ചത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂപയുടെ തകര്‍ച്ച ഇനിയും തുടര്‍ന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. 30 പൈസയുടെ ഇടിവ് വരെ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തല്‍. ഏഷ്യന്‍ രാജ്യങ്ങളിലെ കറന്‍സികളില്‍ അടുത്തിടെ ഡോളറിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ച വെക്കുന്നത് ഇന്ത്യന്‍ രൂപയാണെന്നതും ശ്രദ്ധേയമാണ്.
Story Highlights: value of indian rupee declined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here