Advertisement

സിഐഎ ഡെപ്യൂട്ടി ഡയറക്ടറുടെ മകൻ റഷ്യൻ സൈന്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടു: റിപ്പോർട്ട്

4 days ago
Google News 2 minutes Read

റഷ്യക്ക് വേണ്ടി യുദ്ധം ചെയ്യുന്നതിനിടെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറുടെ മകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രെയിനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ യുദ്ധം ചെയ്യുന്നതിനിടെയാണ് മൈക്കൽ അലക്സാണ്ടർ ഗ്ലോസ് എന്ന 21 കാരൻ 2024 ഏപ്രിൽ നാലിന് കൊല്ലപ്പെട്ടത് എന്നാണ് റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. സിഐഎയുടെ ഡിജിറ്റൽ ഇന്നവേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി കഴിഞ്ഞ 2024 ഏപ്രിൽ മാസത്തിൽ നിയമിതയായ ജൂലിയൻ ഗലീനയുടെ മകനാണ് ഗ്ലോസ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

2022 ഫെബ്രുവരി മാസം മുതൽ കരാർ അടിസ്ഥാനത്തിൽ റഷ്യൻ സൈന്യത്തിൽ പ്രവർത്തിക്കാൻ കരാർ ഒപ്പിട്ട 1500 ഓളം വിദേശികളായ യുവാക്കളിൽ ഒരാളാണ് കൊല്ലപ്പെട്ട ഈ അമേരിക്കക്കാരൻ. 2023 ഡിസംബറിൽ യുദ്ധത്തിലെ മുന്നണി പോരാളിയായി ഇയാളെ നിയമിച്ചു. സോളേധർ നഗരത്തിൽ റഷ്യൻ സേനക്ക് വേണ്ടി യുക്രൈനെതിരെ മാസങ്ങളോളം പോരാടിയ ഗ്ലോസ്, 2024 ഏപ്രിൽ മാസത്തിൽ കൊലപ്പെടുകയായിരുന്നു.

അമേരിക്കയിൽ ലിംഗ സമത്വത്തിനും പരിസ്ഥിതിക്കും വേണ്ടി നിരന്തരം പ്രതിഷേധ മുഖത്ത് ഉണ്ടായിരുന്ന ഗ്ലോസ്, 2023 റെയിൻബോ ഫാമിലി എന്ന ഇടത് അനുകൂല സംഘടനയുടെ ഭാഗമായി. 2023 തുർക്കിയിൽ ഭൂകമ്പ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമാകാൻ പോയി. ഇസ്രയേലിനെ പിന്തുണച്ചത്തിലും ഗാസയെ ആക്രമിക്കുന്നതിലും അമേരിക്കൻ നിലപാടിനോട് ശക്തമായ വിയോജിപ്പ് ഇദ്ദേഹത്തിനുണ്ടായിരുന്നു.

തുർക്കിയിൽ നിന്ന് റഷ്യയിലേക്ക് പോയ യുവാവ്, ഇവിടെവച്ച് റഷ്യൻ സൈന്യത്തിൽ ചേരുകയായിരുന്നു. യുക്രൈൻ അതിർത്തിയിൽ വെച്ച് ഇദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടു എന്നാണ് റഷ്യൻ ഭരണകൂടം അമേരിക്കയിലെ കുടുംബത്തെ അറിയിച്ചിരിക്കുന്നത് എന്നാണ് റഷ്യൻ മാധ്യമമായ ഐ സ്റ്റോറിസ് റിപ്പോർട്ട് ചെയ്യുന്നത്.

Story Highlights : Son of Deputy Director of CIA, killed while fighting for Russia in Ukraine border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here