സൗഹൃദങ്ങൾക്ക് രാഷ്ട്രീയതീതമായ മാനങ്ങൾ കൽപ്പിച്ചിരുന്നു; തങ്ങളുടെ മരണത്തിൽ മന്ത്രിമാർ

മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് മന്ത്രി വി എൻ വാസവൻ ആദരാജ്ഞലികൾ അർപ്പിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം കാൽ നൂറ്റാണ്ടോളം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുൻഗാമികളെ പോലെ ജനങ്ങൾക്കിടയിൽ സജീവമായി നിലകൊണ്ടു.
മുസ്‌ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോൾ സ്വീകരിച്ച നിലപാടുകൾ അവധാനതയോടുള്ളതായിരുന്നു. പല നിർണായക തീരുമാനങ്ങളും സ്വീകരിക്കുമ്പോൾ അണികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും വിലയിരുത്തി. സൗഹൃദങ്ങൾക്ക് രാഷ്ട്രീയതീതമായ മാനങ്ങൾ കൽപ്പിച്ചിരുന്നു. തങ്ങളുടെ വിയോഗത്തിൽ ദു:ഖാർത്തരായ അണികൾ, നേതാക്കൾ, ബന്ധുമിത്രാദികൾ എന്നിവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു എന്നും അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ വേർപാട് മതേതര സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. മുസ്ലിം ലീഗിൻ്റെ നേതൃ സ്ഥാനത്തോടൊപ്പം ആത്മീയ സംഘടനകളുടെ നേതൃ സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ മതസൗഹാർദ്ദം നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച മികവ് ആദരവോടെ അണ് നോക്കി കണ്ടിട്ടുള്ളത്.
ശ്രീ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ വേദനിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Story Highlights: friendships-were-given-a-non-political-dimension