Advertisement

ജഡേജയുടെ കരുത്തില്‍ മൊഹാലിയില്‍ ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം

March 6, 2022
Google News 2 minutes Read

പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയുടെ കരുത്തില്‍ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 222 റണ്‍സിനും ജയിച്ചു. 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കടവുമായി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക രണ്ടാം ഇന്നിങ്‌സില്‍ 178 റണ്‍സിന് ആള്‍ ഔട്ടായി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്‌സിലുമായി ഇന്ത്യന്‍ ബോളര്‍മാര്‍ ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. രണ്ടു ദിവസത്തെ കളി ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം.

അസാമാന്യ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ജഡേജ പുറത്താകാതെ 175 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററാവുകയും രണ്ട് ഇന്നിങ്‌സിലുമായി ഒന്‍പത് വിക്കറ്റ് എറിഞ്ഞിടുകയും ചെയ്തു. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ മുന്നിലാണ്. സ്‌കോര്‍: ശ്രീലങ്ക 174, 178. ഇന്ത്യ 574/8 ഡിക്ലയേര്‍ഡ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നിരോഷന്‍ ഡിക്വല്ലയാണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 81 പന്തില്‍ ഒന്‍പതു ഫോറുകള്‍ ഉള്‍പ്പടെ 51 റണ്‍സുമായി ഡിക്വല്ല പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ ദിമുത് കരുണരത്നെ (46 പന്തില്‍ 27), എയ്ഞ്ചലോ മാത്യൂസ് (75 പന്തില്‍ 28), ധനഞ്ജയ ഡിസില്‍വ (58 പന്തില്‍ 30), ചാരിത് അസലങ്ക (ഒന്‍പത് പന്തില്‍ 20) എന്നിവരാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഓപ്പണര്‍ ലഹിരു തിരിമാന്നെ, പാത്തും നിസ്സങ്ക, സുരംഗ ലക്മല്‍, ലസിത് എംബുല്‍ദെനിയ, വിശ്വ ഫെര്‍ണാണ്ടോ, ലഹിരു കുമാര എന്നിവര്‍ക്ക് തിളങ്ങാനായില്ല.

Read Also : ‘ഞാനാണ് ഡിക്ലയർ ചെയ്യാൻ ആവശ്യപ്പെട്ടത്’; വെളിപ്പെടുത്തലുമായി രവീന്ദ്ര ജഡേജ

16 ഓവറില്‍ 46 റണ്‍സ് വഴങ്ങിയ രവീന്ദ്ര ജഡേജി നാലു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സില്‍ അദ്ദേഹം അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. രവിചന്ദ്രന്‍ അശ്വിന്‍ 21 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കാണ് ശേഷിക്കുന്ന രണ്ടു വിക്കറ്റുകള്‍. മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെ മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. ഇനി അനില്‍ കുംബ്ലെ (619 വിക്കറ്റുകള്‍ ) മാത്രമാണ് അശ്വിന് മുന്നിലുള്ളത്.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യയ്ക്കെതിരെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 174 റണ്‍സില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് 400 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓണ്‍ ചെയ്യിക്കുകയായിരുന്നു. സെഞ്ച്വറിക്കു പിന്നാലെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ജഡേജയാണ് ശ്രീലങ്കയെ തകര്‍ത്തത്.

Story Highlights: India win by an innings in Mohali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here