കെഎസ്ആര്‍ടിസിയില്‍ അധ്യാപികയ്ക്ക് നേരെയുള്ള അതിക്രമം; കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസിയില്‍ അധ്യാപികയ്ക്ക് നേരെയുള്ള അതിക്രമത്തില്‍ കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി എംഡിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംഭവം അതീവ ഗൗരവകരമാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ യാത്രിക്കാരിയെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഒരു യാത്രക്കാരന്‍ പോലും പ്രതികരിച്ചില്ല, കണ്ടക്ടര്‍ തന്റെ കൃത്യം നിര്‍വഹിച്ചില്ലെന്നാണ് യാത്രക്കാരി ആരോപിച്ചത്.
ഡ്രൈവര്‍ വളരെ അനുഭാവമായ നിലപാട് സ്വീകരിച്ചതെന്ന് പറഞ്ഞു. കണ്ടക്ടര്‍ ഇത്തരമൊരു സംഭവം ഉണ്ടായപ്പോള്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ബസ് എത്തിച്ച് നടപടി സ്വീകരിക്കണമായിരുന്നു. പത്തുവര്‍ഷമായി യാത്ര ചെയ്യുന്നയാളാണ് താനെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിനിടയില്‍ ഇങ്ങനെയൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവമാണെങ്കില്‍ പോലും സംഭവത്തിലുള്ള ദുഃഖം അറിയിക്കുന്നതായും മന്ത്രി പറഞ്ഞു.
Read Also : കെഎസ്ആര്‍ടിസി ബസില്‍ ലൈംഗിക അതിക്രമം നേരിട്ടെന്ന പരാതിയുമായി അധ്യാപിക
ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട്ടെ അധ്യാപിക തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. പരാതി നല്‍കിയിട്ടും കണ്ടക്ടര്‍ നോക്കി നിന്നുവെന്നും ഇവര്‍ ആരോപിച്ചു.
തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അധ്യാപിക ട്വന്റിഫോറിനോട് പറഞ്ഞു. അതിക്രമത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത് താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പിന്തുണ നല്‍കാതിരുന്ന കണ്ടക്ടറുടെ പെരുമാറ്റമാണെന്ന് ഇവര്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ നില്‍ക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ അതിക്രമം നേരിട്ട സ്ത്രീകളുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നുവെന്നാണ് അധ്യാപിക പറഞ്ഞത്. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തത് തന്റെ തെറ്റാണെന്ന വിധത്തില്‍ ബസിലുളളവര്‍ സംസാരിച്ചത് മനോവിഷം ഉണ്ടാക്കിയെന്നു അധ്യാപിക കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അധ്യാപികയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹയാത്രികനെതിരെ ഉടന്‍ നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്നും അധ്യാപിക അറിയിച്ചു.
Story Highlights: Violence against teachers in KSRTC; Transport Minister says strict action
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here