യെമന്‍ പൗരൻ്റെ കൊലപാതകം; നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷ ശരിവച്ചതോടെ യെമൻ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിന്‍റെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. നിലവിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ (33) സനയിലെ ജയിലില്‍ കഴിയുകയാണ്.
വിചാരണക്കോടതി വിധിച്ച വധ ശിക്ഷയ്ക്കെതിരെയാണ് നിമിഷ പ്രിയ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ അപ്പീൽ കോടതിയെ സമീപിച്ചത്. സ്ത്രീയെന്ന പരിഗണന നൽകി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷയുടെ ആവശ്യം. കേസിലെ വാദം കഴിഞ്ഞ ജനുവരിയിൽ പൂർത്തിയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. എന്നാല്‍ യുവതിയുടെ വധശിക്ഷ കോടതി ശരിവക്കുകയായിരുന്നു.
2017 ജൂലൈയിലാണ് സംഭവം. തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണു കേസ്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്തു ഭാര്യയാക്കി വയ്ക്കാൻ ശ്രമിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു നിമിഷപ്രിയയുടെ വാദം. ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു.
Story Highlights: nimisha-priya-case-verdict-yemen-court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here