റഷ്യന്‍ അധിനിവേശം: നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി നരേന്ദ്രമോദി

യുക്രൈനിലെ റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി മാന്‍ക്ക് റുട്ടെയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന്റെ പുരോഗതി നെതര്ലന്സ് പ്രധാനമന്ത്രിയെ നരേന്ദ്രമോദി അറിയിച്ചു.
ഇരു നേതാക്കളും യുക്രൈനിലെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണ മനുഷ്യരെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് റഷ്യയും യുക്രൈനും മടങ്ങണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു. റഷ്യയും യുക്രൈനും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ഉടന്‍ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. സംഘര്‍ഷ മേഖലകളില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിലെ പുരോഗതിയെക്കുറിച്ചും ദുരിതബാധിതര്‍ക്ക് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സഹായമെത്തിക്കുന്നതിനെക്കുറിച്ചും മോദി റുട്ടെയെ അറിയിച്ചു.
Read Also : റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് അമേരിക്ക
അതേസമയം റഷ്യന്‍ അധിനിവേശത്തിന്റെ തീവ്രബാധിത മേഖലയായ സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും പോള്‍ട്ടോവയിലെത്തിച്ചു. പോള്‍ട്ടോവയില്‍ നിന്ന് ഈ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കുമെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങള്‍ സജ്ജമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എംബസി രംഗത്തെത്തി. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ട്രെയിനോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിച്ച് പുറത്ത് കടക്കണം. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്കി.
യുക്രൈനിലെ അഞ്ച് നഗരങ്ങല് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.
ഇപ്പോള്‍ പ്രഖ്യാപിച്ച മാനുഷിക ഇടനാഴി റഷ്യയിലേക്കാണ് പോകുന്നതെന്ന് യുക്രൈന് പ്രതികരിച്ചു. യുക്രൈന് ജനതയെ റഷ്യയിലേക്ക് കൊണ്ടുപോകുക എന്ന തന്ത്രമാണ് ഇതിനുപിന്നില്‍ എന്ന് ആരോപിച്ച് യുക്രൈന് രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട യുക്രൈന്റെ നിലപാട് ഇനിയും വ്യക്തമല്ല. സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇന്നലെ നടന്നില്ല. പോകുന്ന വഴിക്ക് റഷ്യ പ്രഖ്യാപിച്ച മാനുഷിക ഇടനാഴികളില്‍ കനത്ത ഷെല്‍ ആക്രമണം നടുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങി. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ട്.
Story Highlights: modi phone call mark rutte
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here