Advertisement

അമേരിക്കയ്ക്ക് പിന്നാലെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ബ്രിട്ടണും

March 8, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങി ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും പാചക വാതകത്തിനുമുള്ള ബദല്‍ വിതരണക്കാരെ കണ്ടെത്താനായി ബ്രിട്ടണ്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ചതായി അല്‍പ സമയത്തിനുമുന്‍പാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു.

Read Also : ബിസിനസ്സ് ലോകത്തെ സ്ത്രീ മുന്നേറ്റം; ഇന്ത്യ ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി മാറുന്ന നാൾ വരും…

യുഎസ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് ശേഷം ഇന്ന് എണ്ണവില 2008 ന് ശേഷമുള്ള ഏറ്റവും കൂടിയ നിലയിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സുപ്രധാന പ്രഖ്യാപനം പുറത്തെത്തുന്നത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ ഈ വര്‍ഷം എണ്ണവില 60 ശതമാനത്തിലധികം ഉയര്‍ന്നു. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് വില ബാരലിന് 126 ഡോളറായി ഉയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ബ്രെന്റ് ക്രൂഡ് ബാരലിന് 130 ഡോളറിലേക്ക് എത്തുകയായിരുന്നു.

റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ നിന്ന് യൂറോപ്പ് ഘട്ടം ഘട്ടമായി പിന്‍തിരിയണമെന്നാണ് ബോറിസ് ജോണ്‍സണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ബോറിസ് ജോണ്‍സണ്‍ ഇത് പറഞ്ഞത്. റഷ്യയെ എണ്ണയ്ക്കായി അമിതമായി ആശ്രയിക്കുക എന്ന തെറ്റ് യൂറോപ്പ് ആവര്‍ത്തിക്കരുതെന്ന് ജസ്റ്റിന്‍ ട്രൂഡോയും പറഞ്ഞിട്ടുണ്ട്. യൂറോപ്പ് ഘട്ടം ഘട്ടമായി റഷ്യയെ എണ്ണയ്ക്കായി ആശ്രയിക്കുന്നത് നിര്‍ത്തലാക്കിയാല്‍ റഷ്യന്‍ സമ്പദ് വ്യവസ്ഥയുടെ ഭദ്രത തകരുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണയും ഗ്യാസും വാങ്ങുന്നത് നിര്‍ത്തിയാല്‍ അത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ എണ്ണയും വാതകവും നിരോധിക്കുന്നതിനെതിരെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Story Highlights: uk may ban russian oil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement