Advertisement

‘വെറുതെ വിടില്ല’; രാജ്യത്തെ സാധാരണക്കാരെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തിന് ശിക്ഷ നല്‍കുമെന്ന് സെലന്‍സ്‌കി

March 8, 2022
Google News 2 minutes Read

അധിനിവേശത്തിനിടെ യുക്രൈനിലെ സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യന്‍ സൈന്യത്തിന് തക്കതായ ശിക്ഷ നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി. സ്‌കൂളുകളും അനാഥാലയങ്ങളും വരെ ആക്രമിച്ചവരെ വെറുതെ വിടാന്‍ യുക്രൈന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കിയത്. സൈന്യം സാധാരണക്കാര്‍ക്കുമേല്‍ നടത്തിയ ആക്രണങ്ങളെല്ലാം മനപൂര്‍വമായിരുന്നെന്നാണ് സെലന്‍സ്‌കിയുടെ ആരോപണം.

‘ഈ രാജ്യത്തെ സാധാരണക്കാരെ കൊന്നൊടുക്കിയ നിങ്ങള്‍ക്ക് കുഴിമാടത്തിലല്ലാതെ ഈ ഭൂമിയില്‍ മറ്റൊരിടത്തുനിന്നും ഇനി സമാധാനം കിട്ടാന്‍ പോകുന്നില്ല. യുക്രൈന്‍ ജനത ഇതൊന്നും ജീവനുള്ള കാലം വരെ മറക്കുകയോ പൊറുക്കുകയോ ഇല്ല’. സെലന്‍സ്‌കി പറഞ്ഞു. റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ലോകരാജ്യങ്ങള്‍ ഇനിയും കടുപ്പിക്കണമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം യുക്രൈനില്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിത മാര്‍ഗത്തിലൂടെ റഷ്യയിലെത്തിക്കാമെന്ന റഷ്യയുടെ വാഗ്ദാനം യുക്രൈന്‍ തള്ളി. ഈ വാഗ്ദാനത്തെ മാനുഷിക ഇടനാഴിയെന്ന് പറയാന്‍ കഴിയില്ലെന്നും ഈ നീക്കം റഷ്യയുടെ പ്രചാരണത്തിന്റെ ഭാഗമാണെന്നും സൂചിപ്പിച്ചാണ് യുക്രൈന്‍ ഈ വാഗ്ദാനം അംഗീകരിക്കാതിരുന്നത്. റഷ്യയ്ക്ക് പുറമേ ബെലാറസിലേക്കും സാധാരണക്കാരെ സുരക്ഷിതമായി എത്തിക്കുമെന്നായിരുന്നു റഷ്യയുടെ വാഗ്ദാനം.

യുക്രൈനില്‍ നിന്ന് റഷ്യയിലേക്കും ബെലാറസിലേക്കും ആളുകളെ കൊണ്ടുപോകാമെന്ന വാഗ്ദാനം ദുരുദ്ദേശപരമാണെന്നാണ് യുക്രൈന്‍ അറിയിച്ചത്. ലോകരാജ്യങ്ങളെ മുഴുവന്‍ കബളിപ്പിക്കാമെന്നാണ് റഷ്യ വിചാരിക്കുന്നത്. ഇത്തരമൊരു സുരക്ഷിതപാത സജ്ജമാക്കാന്‍ റഷ്യയെ പ്രേരിപ്പിക്കുന്നത് മനുഷ്യത്വപരമായ കരുതല്‍ അല്ലെന്ന് വ്യക്തമാണെന്നും യുക്രൈന്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാന ചര്‍ച്ച ബെലാറസില്‍ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ ഇല്ലെന്നാണ് സൂചന. വെടിനിര്‍ത്തല്‍, മാനുഷിക ഇടനാഴി, സാധാരണക്കാരുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണക്കാരുടെ സുരക്ഷ പ്രഥമ പരിഗണനയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നിരിക്കിലും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും ഈ ചര്‍ച്ചയിലൂടെയും ഉണ്ടായിട്ടില്ലെന്ന് യുക്രൈന്‍ വക്താവ് മൈഖൈലോ പോഡോല്യ അറിയിച്ചു.

റഷ്യ-യുക്രൈന്‍ വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ യുക്രൈനില്‍ നിന്ന് ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.

Story Highlights: volodimir zelensky reaction killing civilians

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here