Advertisement

അനാവശ്യ വിധിപറച്ചിലുകള്‍ അരുത്; അവഗണിക്കപ്പെടേണ്ടതല്ല സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍

March 8, 2022
Google News 1 minute Read

എല്ലാ ലിംഗപദവിയിലുമുള്ള ആളുകളുടേയും മാനസികാരോഗ്യം ശരിയായി പരിഗണിക്കപ്പെടേണ്ടതുണ്ട്. മാനസികപ്രശ്‌നങ്ങള്‍ കൃത്യ സമയത്ത് കണ്ടെത്തുകയും ചികിത്സിക്കപ്പെടേണ്ടതും അത്യാവശ്യമാണ്. ലിംഗപദവിയുടെ പേരില്‍ നേരിടേണ്ടി വരുന്ന വിവേചനങ്ങള്‍ മുതല്‍ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും താങ്ങേണ്ടി വരുന്ന അവസ്ഥ വരെയുള്ള പല വിധ കാരണങ്ങള്‍ കൊണ്ട് തന്നെ സ്ത്രീകളുടെ മാനസികാരോഗ്യം പലപ്പോഴും അവഗണിക്കപ്പെടാറണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ അഞ്ച് സ്ത്രീകളില്‍ ഒരാളുടെ മാനസികാരോഗ്യമെങ്കിലും നിരന്തരം അസ്വസ്ഥമാക്കപ്പെടുന്നുണ്ട്.

അവളവള്‍ക്കുവേണ്ടി സമയം കണ്ടെത്തുക

സ്വയം പരിപാലിക്കാനും സ്വന്തം ചിന്തകളെ വിലയിരുത്താനും പലപ്പോഴും സ്ത്രീകള്‍ക്ക് മതിയായ സമയം ലഭിക്കാത്തതാണ് സ്ത്രീകള്‍ മാനസിക പ്രശ്‌നങ്ങളില്‍ എളുപ്പം വീണുപോകാനുള്ള പ്രധാന കാരണം. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പലപ്പോഴും വീട്ടിലെ സ്ത്രീകള്‍ക്കായിരിക്കും. അവരവര്‍ക്കായി അല്‍പ സമയം മാറ്റിവെക്കുക എന്നത് പ്രധാനമാണ്. സ്വയം പരിപാലനത്തിനായി കുറച്ചുനേരം മാറ്റിവെക്കാനായി വീട്ടുകാരും സ്ത്രീകളെ പ്രേരിപ്പിക്കേണ്ടതുണ്ട്. അവളവള്‍ക്കായി സമയം കണ്ടെത്തുന്നത് ഒരു ആര്‍ഭാടമല്ലെന്നും മാനസികാരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നും മനസിലാക്കണം.

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ചെറിയ അസ്വസ്ഥതകള്‍ പോലും ചെറുതെന്ന് കണ്ട് അവഗണിക്കരുത്. പ്രശ്‌നങ്ങള്‍ സമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. ഇനി പറയുന്ന ലക്ഷണങ്ങള്‍ ഒരു കാരണവശാലും അവഗണിക്കരുതെന്നാണ് ഫോര്‍ടിസ് ആശുപത്രിയിലെ ഡോക്ടര്‍ സഞ്ജയ് ഷാ പറയുന്നത്. കാരണമില്ലാതെ സങ്കടമോ തകര്‍ന്നതുപോലെയോ തോന്നിയാല്‍ തന്നെ ശ്രദ്ധിച്ചുതുടങ്ങണം. വല്ലാത്ത ഭയവും കാരണമില്ലാതെ അരക്ഷിതാവസ്ഥയും തോന്നിയാല്‍ നിസാരമായി കാണരുത്. തുടര്‍ച്ചയായി ഉറക്കം നഷ്ടപ്പെടുക, ഒന്നിനും ഉത്സാഹമില്ലാതിരിക്കുക, വളരെപ്പെട്ടെന്ന് മൂഡുകള്‍ മാറിമറിയുക, ഭക്ഷണം കഴിക്കുന്ന രീതികളില്‍ പെട്ടെന്ന് വ്യത്യാസം വരിക, അമിതമായ വിശപ്പോ തീരെ വിശപ്പില്ലായ്മയോ തോന്നാന്‍ തുടങ്ങുക, സ്വയം മുറിപ്പെടുത്താന്‍ തോന്നുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രിയപ്പെട്ടവരുമായി ഇതെല്ലാം പങ്കുവെക്കുന്നതിനൊപ്പം വിദഗ്ധ സേവനം തേടാനും മറക്കരുത്

വിദഗ്ധസേവനം തേടാന്‍ മടിവേണ്ട

അഭ്യസ്ത വിദ്യരായ ആളുകള്‍ക്ക് പോലും ഇപ്പോഴും മാനസിക അസ്വസ്ഥതകള്‍ക്ക് വിദഗ്ധ സേവനം തേടാന്‍ മടിയാണ്. മാനസിക പ്രശ്‌നമുള്ളവരെ ഒറ്റപ്പെടുത്തുന്ന പൊതുബോധത്തിന്റെ ഭാഗമായാണ് ഈ മടിയുണ്ടാകുന്നത്. സ്വന്തം മാനസിക ബുദ്ധമുട്ടുകള്‍ വീട്ടുകാരോടോ സുഹൃത്തുക്കളോടോ പറയുമ്പോള്‍ അവര്‍ അനാവശ്യമായി വിധിപറച്ചില്‍ നടത്തുമ്പോഴാണ് പലരുടേയും ആത്മവിശ്വാസം നഷ്ടപ്പെടുന്നത്. പ്രശ്‌നവുമായി വരുന്ന വ്യക്തിയെ കുറ്റപ്പെടുത്താതെ വിദഗ്ധ സേവനം തേടാനായി ആത്മവിശ്വാസം പകര്‍ന്നുനല്‍കുകയാണ് വേണ്ടത്. മറ്റേതൊരു ആരോഗ്യപ്രശ്‌നവും പോലെ തന്നെയാണ് മാനസിക ആരോഗ്യപ്രശ്‌നവുമെന്നും ശരിയായ സമയത്ത് വിദഗ്ധ സേവനം തേടുന്നതാണ് ശരിയെന്നും ഈ വ്യക്തിയെ പറഞ്ഞ് ബോധ്യപ്പെടുത്തണം.

Story Highlights: women’s day prioritize your mental health

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here