Advertisement

ഭഗവന്ത് മാന്‍ ഹീറോയാടാ… ഹീറോ!

March 10, 2022
Google News 2 minutes Read

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് തകര്‍ന്നടിയുമ്പോള്‍ ഹീറോ പര്യവേഷം ലഭിക്കുന്നത് എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മാനിനാണ്. 59 സീറ്റാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് എ.എ.പി 90 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. അതായത് അടുത്ത മുഖ്യമന്ത്രി ഭഗവന്ത് തന്നെയെന്ന് ഉറപ്പ്.

ആം ആദ്മിക്ക് ഡല്‍ഹിയില്‍ മാത്രമല്ല, പഞ്ചാബിലുമുണ്ട് പിടി എന്ന് ജനങ്ങള്‍ക്ക് തെളിയിച്ച് കൊടുക്കാന്‍ ഭഗവന്തിന് നിഷ്പ്രയാസം കഴിഞ്ഞു. അങ്ങനെ ഡല്‍ഹിക്കു പുറത്തേക്ക് വളരണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ മോഹം യാഥാര്‍ത്ഥ്യമാക്കിയ നേതാവായി അദ്ദേഹം മാറി.

2014 മുതല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്ന നേതാവാണ് ഭഗവന്ത്. 1973 ഒക്ടോബര്‍ 17ന് മൊഹിന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗര്‍ സതൗജിന്റെയും മകനായി ജനനം. 2011-ന്റെ തുടക്കത്തില്‍ മന്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ ചേര്‍ന്നു. 2012ല്‍ ലെഹ്റ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും നിരാശനായി. 2014ലാണ് മന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് സംഗ്രൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ 2017ല്‍ ജലാലാബാദില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം സുഖ്ബീര്‍ സിംഗ് ബാദലിനോട് പരാജയപ്പെട്ടു.

Read Also : പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഉശിരോടെ ആം ആദ്മി

പഴയ കോളജ് തല പരിപാടികളിലും യുവാക്കളുടെ കോമഡി മത്സരങ്ങളിലുമെല്ലാം തമാശ പറഞ്ഞ് എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചിരുന്ന മിന്നും താരമായിരുന്നു അദ്ദേഹം. ടിവി പരിപാടികളിലൂടെ കൂടുതല്‍ പ്രശസ്തനായ ഭഗവന്ത് മാനിന്റെ കൈമുതല്‍ രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങളായിരുന്നു. രാഷ്ട്രീയം, ബിസിനസ്, കായികം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഭഗവന്ത്മാന്‍ കോമഡി പ്രോഗ്രാമുകള്‍ ചെയ്തിരുന്നത്. യൂത്ത് കോമഡി ഫെസ്റ്റിവലുകളിലും ഇന്റര്‍ കോളജ് മത്സരങ്ങളിലും മന്ന് വളരെ സജീവമായിരുന്നു.

മുഖ്യമന്ത്രിയായാല്‍ ഇനി മദ്യപിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ അപൂര്‍വ നേതാവ് കൂടിയാണ് ഭഗവന്ത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ ഉയര്‍ത്തിക്കാട്ടിയ ഭഗവന്ത് മദ്യപാനത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട നേതാവാണ്. ‘പെഗ്വന്ത്’ മാന്‍ എന്നൊരു പേരും പരസ്യമായ മദ്യപാനം അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തു. ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദര്‍ സിങ് ഖല്‍സ രേഖാമൂലം ലോക്സഭാ സ്പീക്കര്‍ക്കു പരാതി നല്‍കിയിട്ടുമുണ്ട്.

2019ല്‍ ആം ആദ്മി പാര്‍ട്ടിയുടെ ഒരു പൊതുയോഗത്തില്‍ അമ്മയെ അടുത്ത് നിര്‍ത്തി മദ്യം ഉപേക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇനി ഒരിക്കലും മദ്യം തൊടില്ലെന്ന് വാഗ്ദാനം ചെയ്തു. അങ്ങനെ ആക്ഷേപങ്ങളും വിമര്‍ശനങ്ങവുമെല്ലാം കാറ്റില്‍ പറത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയാകാനൊരുങ്ങുന്നത്. 2018ല്‍ മയക്കുമരുന്ന് കേസിലും മന്ന് അകപ്പെട്ടു. അന്ന് മന്നിന് വേണ്ടി മാപ്പ് ചോദിച്ചത് അരവിന്ദ് കെജ്‌രിവാളാണ്. പഞ്ചാബ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം അന്ന് അദ്ദേഹം രാജിവെയ്ക്കുകയും ചെയ്തിരുന്നു.

Read Also : സെലന്‍സ്‌കിയെപ്പോലെ ഭഗവന്തും , രാഷ്ട്രീയത്തിലെത്തും മുമ്പ് ജനപ്രിയ ഹാസ്യതാരം; ഇനി എഎപി മുഖ്യമന്ത്രി!

ലോക്സഭാംഗമായതിന്റെ പിറ്റേ വര്‍ഷം, ഭഗവന്ത് ഭാര്യ ഇന്ദര്‍ജീത് കൗറുമായി വേര്‍പിരിഞ്ഞിരുന്നു. മികച്ച പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നേടാന്‍ തീരുമാനിച്ചത്. അവര്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്.

1977 മുതല്‍ ശിരോമണി അകാലിദള്‍ നാലു തവണയും കോണ്‍ഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറിയും പോരിനിറങ്ങിയത്. 2017ല്‍ കോണ്‍ഗ്രസിലെ ദല്‍വീര്‍ സിങ് ഗോള്‍ഡി എഎപി സ്ഥാനാര്‍ത്ഥിയെ 2811 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധുരിയില്‍ തോല്‍പ്പിച്ചത്. എന്നാല്‍ ഇത്തവണ സിറ്റിങ് എംഎല്‍എയായ കോണ്‍ഗ്രസിന്റെ ദല്‍വീര്‍ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയാണ് ഭഗവന്തിന്റെ വിജയം.

Story Highlights: AAP chief ministerial candidate Bhagwant Mann will be the hero

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here