Advertisement

‘ചന്നിയും ബാദലും ക്യാപ്റ്റനും അടിയറവ് പറഞ്ഞു’; പഞ്ചാബിലെ ജനത അത്ഭുതങ്ങള്‍ കാട്ടിയെന്ന് കെജ്രിവാള്‍

March 10, 2022
Google News 1 minute Read

പഞ്ചാബിലെ ജനത അത്ഭുതങ്ങള്‍ കാട്ടി ചരിത്രം സൃഷ്ടിച്ചെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. വന്‍മരങ്ങളെപ്പോലും വീഴ്ത്തി പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി അട്ടമറി വിജയം നേടിയ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ക്യാപ്റ്റന്‍ സാഹിബിനേയും ചന്നി സാഹിബിനേയും ബാദല്‍ സാഹിബിനേയും പഞ്ചാബിലെ ജനങ്ങള്‍ വീഴ്ത്തിയെന്നും വിജയത്തിളക്കത്തില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഒരു നവ ഇന്ത്യക്കുവേണ്ടി നമ്മുക്ക് ഒത്തൊരുമിച്ച് നീങ്ങാമെന്നാണ് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞത്. ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളും ശരീരഭാഷയുമാണ് ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ കെജ്രിവാളിന് ഉണ്ടായിരുന്നത്. പഞ്ചാബില്‍ ഇനി ആരും വിശക്കുന്ന വയറോടെ ഉറങ്ങില്ലെന്നും പണക്കാരന്റെ കുട്ടിക്കും പാവപ്പെട്ടവന്റെ കുട്ടിക്കും തുല്യ ഗുണനിലവാവരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് വിഘടനവാദികളുമായി ബന്ധമുണ്ടെന്ന എതിരാളികളുടെ ആരോപണം പഞ്ചാബിലെ ജനങ്ങള്‍ വിലക്കെടുത്തില്ലെന്ന് ഈ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങളെ കട്ടുമുടിക്കുന്ന മറ്റ് പാര്‍ട്ടികളാണ് തീവ്രവാദികളെന്നും അവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും കെജ്രിവാള്‍ ആഞ്ഞടിച്ചു.

ഡല്‍ഹിക്ക് പുറത്തേക്ക് ആം ആദ്മി പാര്‍ട്ടിയുടെ കരുത്തുറ്റ തേരോട്ടം പഞ്ചാബില്‍ പുതുചരിത്രമെഴുതുകയാണ്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ അരവിന്ദ് കെജ്രിവാളെന്ന നേതാവിന്റെ പ്രസക്തിയും സാധ്യതയും വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനുള്ള സ്ഥാനം തങ്ങള്‍ കൈയ്യാളിക്കഴിഞ്ഞെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രബലര്‍ ഉള്‍ക്കൊള്ളുന്ന പ്രതിപക്ഷ നേതൃനിരയിലേക്ക് കെജ്രിവാള്‍ ഉയര്‍ന്നുകഴിഞ്ഞു.

ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. സ്ഥാനാര്‍ഥികളെ പാര്‍ട്ടി തെരഞ്ഞെടുത്തതല്ല പകരം ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് എന്ന തരത്തിലുള്ള പ്രചരണവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭഗവത് മന്നിനെ പ്രഖ്യാപിച്ചതും നേട്ടമായി. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അട്ടിമറി വിജയം ബിജെപിക്ക് രാഷ്ട്രീയ ബദലാകാനുള്ള വിശാല പ്രതിപക്ഷത്തെ അരവിന്ദ് കെജ്രിവാള്‍ നയിക്കുമെന്ന തോന്നലുണ്ടാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാരഥി മമത ബാനര്‍ജി കൊതിച്ചിരുന്ന ഈ സ്ഥാനത്തേക്ക് കെജ്രിവാള്‍ ഉയര്‍ന്നുവരുന്നു എന്നതാണ് ഏറെ നിര്‍ണായകം.

കോണ്‍ഗ്രസിനേയും ബിജെപിയേയും ശിരോമണി അകാലിദളിനേയും കടപുഴക്കി ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തേരോട്ടം തുടരുന്നതിനിടെ തങ്ങള്‍ ദേശീയ ശക്തിയായി മാറിക്കഴിഞ്ഞെന്ന ഉറച്ച പ്രഖ്യാപനവുമായി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അഞ്ച് സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വ്യക്തമായ മുന്നേറ്റമുണ്ടാക്കാനായാല്‍ ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി എഎപി മാറുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഡല്‍ഹി പിടിച്ചടക്കുന്നതിനേക്കാള്‍ ഭരണ സ്വാതന്ത്ര്യം പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് ആസ്വദിക്കാനാകുമെന്നതിനാല്‍ത്തന്നെ ഇത് എഎപിയെ സംബന്ധിച്ച് സുവര്‍ണ നേട്ടമാണ്.

Story Highlights: aap leader aravind kejriwal victory speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here