മാറ്റത്തിനായുള്ള മുറവിളി; പഞ്ചാബില്‍ എഎപിയെ തുണച്ചത് എന്തൊക്കെ?

ഒന്നര വര്‍ഷം നീണ്ട കര്‍ഷക പോരാട്ടം, ദളിത് വോട്ടുകളുടെ സ്വാധീനം, കര്‍ഷക സമരങ്ങള്‍ അലയടിച്ച മണ്ഡലങ്ങളിലെ ജനവിധി, സിഖുകാരനല്ലാത്ത നേതാവിനെ പഞ്ചാബിലെ ജനങ്ങള്‍ സ്വീകരിക്കില്ലെന്ന പഞ്ചാബ് കോണ്‍ഗ്രസിന്റെ പരിഹാസം….ജനവിധി തിരിച്ചെഴുതുന്നതില്‍ സ്വാധീനം ചെലുത്തിയ ഘടകങ്ങള്‍ നിരവധിയാണ്. ഒറ്റച്ചോദ്യം, എന്തുകൊണ്ട് എഎപി പഞ്ചാബില്‍? ഡല്‍ഹിക്കുപുറത്തേക്കുള്ള ആംആദ്മിയുടെ തേരോട്ടം പഞ്ചാബില്‍ ചരിത്രമെഴുതുകയാണ്. 70 വര്‍ഷം സംസ്ഥാനം ഭരിച്ച രണ്ട് വലിയ പാര്‍ട്ടികളെ മടുത്തെന്ന സന്ദേശം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അറിയിപ്പുകൊടുത്തു. കോണ്‍ഗ്രസിനെയും ശിരോമണി അകാലിദളിനെയും തുടച്ചുനീക്കിയ എഎപിയുടെ വിജയം പഞ്ചാബില്‍ സാധ്യമാക്കിയ ഘടകങ്ങള്‍ ഏതൊക്കെയാണ്.
മാറ്റത്തിനായുള്ള മുറവിളി പഞ്ചാബ് ജനതയ്ക്ക് ഇത്തവണ ആവശ്യമായിരുന്നു. 97 മുതല്‍ 2021 വരെ 24 വര്‍ഷം ശിരോമണി അകാലിദള്‍ബിജെപി കൂട്ടുകെട്ട് പഞ്ചാബില്‍ അധികാരം കൈകാര്യം ചെയ്തു. ഇതിനിടയില്‍ 2007 മുതല്‍ 2021 വരെ സംസ്ഥാനം കോണ്‍ഗ്രസിനെയും തുണച്ചു, ഒപ്പം ശിരോമണി അകാലിദള്‍ബിജെപി കൂട്ടിനെയും. 2022ല്‍ ആംആദ്മിയോടൊപ്പവും. ഇത്തവണ ഞങ്ങള്‍ വഞ്ചിതരാകില്ല, ഭഗവന്ത് മാനും കെജ്രിവാളിനും അവസരം നല്‍കുമെന്ന എഎപിയുടെ മുദ്രാവാക്യം സംസ്ഥാനത്ത് അലയടിച്ചു.
പഞ്ചാബ് കോണ്‍ഗ്രസിലെ സ്ഥായിയായ പ്രശ്‌നങ്ങളും സിദ്ദുവിന്റെ തുടര്‍ച്ചയായുള്ള പിണക്കങ്ങളും ക്യാപ്റ്റന്റെ രാജിയും പഞ്ചാബിനെ വിധി മാറ്റിമറിച്ചു.
സെപ്തംബര്‍ 28നാണ് നവ്‌ജോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നൊഴിയുകയാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നല്‍കിയിയത്. എന്നാല്‍ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചിരുന്നില്ലെന്ന് മാത്രമല്ല, സിദ്ദുവിനെ എന്തുസംഭവിച്ചാലും വിടില്ലെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാക്കുകയുമുണ്ടായി. ഒരു കാര്യത്തിലും ഒത്തുതീര്‍പ്പിന് തനിക്ക് സാധിക്കില്ലെന്നും പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമമാണ് പ്രധാനമെന്നുമായിരുന്നു രാജിക്ക് പിന്നാലെ സിദ്ദു പ്രതികരിച്ചത്. അധികാരം സിദ്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടനീക്കം ശക്തമായിരുന്നു. സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി തത്ക്കാലം ഉയര്‍ത്തിക്കാട്ടാന്‍ കഴിയില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തതും രാജിയിലേയ്ക്ക് നയിച്ച ഘടകമായി മാറി. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള നിരന്തര കൂടിക്കഴ്ചകള്‍ക്കുശേഷം സിദ്ദു പിസിസി അധ്യക്ഷ പദവിയില്‍ തുടരാമെന്ന് നിലപാടെടുക്കുകയായിരുന്നു. അമരീന്ദര്‍ സിംഗുമായുളള പരസ്യപോരാട്ടത്തിനും അദ്ദേഹത്തിന്റെ രാജിക്കും ശേഷം ചന്നിക്കെതിരായ പ്രസ്താവനകളും സിദ്ദുവിന്റെ ഭാഗത്തുനിന്നുണ്ടായി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് തന്നെ മുഖ്യമന്ത്രിയാക്കാനായിരുന്നു താത്പര്യമെന്നും സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ തന്നെ അതിന് തടസം നിന്നെന്നും സിദ്ദു തൊടുത്തുവിട്ടു. അതിനുള്ള തെളിവുകള്‍ തന്നെയാണ് സിദ്ദുവിന്റെയും കോണ്‍ഗ്രസിന്റെയും അമരീന്ദറിന്റെയും ബിജെപിയുടെയും അടക്കം പതനം.
ഡല്‍ഹി മോഡല്‍
അരവിന്ദ് കെജരിവാളിന്റെ ഡല്‍ഹി മോഡല്‍ ഭരണം പഞ്ചാബ് ജനതയും ആഗ്രഹിച്ചു. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളലൂന്നിയുള്ള ഭരണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സ്വകാര്യവത്ക്കരണമടക്കം കെജ്രിവാള്‍ മോഡല്‍ പിന്തുടരാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു.
യുവജനതയും സ്ത്രീകളും
യുവാക്കളില്‍ നിന്നും സ്ത്രീകളില്‍ നിന്നും ശക്തമായ പിന്തുണയാണ് എഎപിക്ക് പഞ്ചാബില്‍ ലഭിച്ചത്. സംസ്ഥാനത്ത് നിലനില്‍ക്കുന്ന അഴിമതിയെ വേരോടെ പിഴുതെറിയുമെന്ന കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍, വിദ്യാഭ്യാസവും തൊഴിലും ഊന്നിയുള്ള പ്രചാരണങ്ങള്‍ എന്നിവ എഎപിയെ തുണച്ചു. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1000 രൂപ നിക്ഷേപിക്കുമെന്ന എഎപിയുടെ വാഗ്ദാനവും വലിയ തരത്തില്‍ സ്വീകരിക്കപ്പെട്ടു.
മുഖ്യമന്ത്രി മുഖമായി ഭഗ്വന്ത് മന്‍
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിലും എഎപി തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തി.പഞ്ചാബില്‍ ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ദളിത് വോട്ടുകളെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ മറികടക്കാന്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്ന വാഗ്ദാനത്തിലൂന്നി നടത്തിയ പ്രചരണത്തിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ ആക്ഷേപഹാസ്യത്തിലൂടെ പഞ്ചാബികളുടെ ഹൃദയത്തില്‍ ഇടം നേടിയ ജനപ്രിയ ഹാസ്യനടന്‍ മന്‍, പരമ്പരാഗത രാഷ്ട്രീയക്കാരനെ പോലെയാകാതെ, മണ്ണിന്റെ മകന്റെ പ്രതിച്ഛായയായി മാറി.
Read Also : കുടുംബ രാഷ്ട്രീയത്തെ യുപി തള്ളിക്കളഞ്ഞു, ബിജെപി പുതുചരിത്രം എഴുതി; നന്ദി പറഞ്ഞ് യോഗി
2014 മുതല്‍ പഞ്ചാബിലെ സംഗ്രൂര്‍ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന നേതാവാണ് ഭഗവന്ത്. 1973 ഒക്ടോബര്‍ 17ന് മൊഹിന്ദര്‍ സിങ്ങിന്റെയും ഹര്‍പല്‍ കൗര്‍ സതൗജിന്റെയും മകനായി ജനനം. 2011ന്റെ തുടക്കത്തില്‍ മന്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബില്‍ ചേര്‍ന്നു. 2012ല്‍ ലെഹ്‌റ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും നിരാശനായി. 2014ലാണ് മന്ന് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് സംഗ്രൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചത്. രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. എന്നാല്‍ 2017ല്‍ ജലാലാബാദില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച അദ്ദേഹം സുഖ്ബീര്‍ സിംഗ് ബാദലിനോട് പരാജയപ്പെട്ടു.
Story Highlights: punjab election aap won, punjab election 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here