പഞ്ചാബിൽ തൂക്ക് സർക്കാർ? ഫലപ്രഖ്യാപനത്തിനു ശേഷം കൈകോർക്കാൻ ബിജെപിയും ശിരോമണി അകാലിദളും

ഇത്തവണ പഞ്ചാബ് വളരെ സങ്കീർണമാണ്. ഒരു വർഷത്തിലേറെ നീണ്ട കർഷക പ്രക്ഷോഭം പഞ്ചാബിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക സ്വാധീനമാകുമെന്നുറപ്പാണ്. പഞ്ചാബികൾ തന്നെ നേതൃത്വം നൽകിയ പ്രക്ഷോഭം മറ്റ് പാർട്ടികളൊന്നും കാര്യമായി ഉപയോഗിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തിൽ കർഷക സമരം സ്വാധീനം ചെലുത്തും.
പഞ്ചാബിൽ ശിരോമണി അകാലിദൾ തങ്ങളുടെ സംഘടനാ ശേഷിയുടെ മുഴുവൻ സാധ്യതകളും ഇത്തവണ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 2012ലും സമാന സാഹചര്യമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നിലവിലെ ധനമന്ത്രിയായ മൻപ്രീത് സിംഗ് ബാദൽ പാർട്ടി പിളർത്തി പഞ്ചാബ് പീപ്പിൾസ് പാർട്ടി എന്ന പേരിൽ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നു. ആ സമയത്ത് വെല്ലുവിളി നേരിട്ട ശിരോമണി അകാലിദൾ പൂർണമായി സംഘടനാ ശേഷി പ്രയോഗിച്ച് തുടർഭരണം നേടിയിരുന്നു. പഞ്ചാബിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് 2012ൽ തുടർ ഭരണം ഉണ്ടായത്.
എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷം ഒരു സഖ്യത്തിനുള്ള സാധ്യത തുറന്നിടുമെന്നതിനാൽ ബിജെപിയും പ്രതീക്ഷയിലാണ്. 20ഓളം സീറ്റുകളിൽ ബിജെപി പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. 3 മുതൽ 7 വരെ സീറ്റുകൾ ഉറപ്പിച്ചു എന്നാണ് അവരുടെ അവകാശവാദം. ശിരോമണി അകാലിദൾ കൂടുതൽ സീറ്റുകൾ പിടിക്കുകയും ബിജെപിയ്ക്ക് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാൻ സാധിക്കുകയും ചെയ്താൽ ഇവർ തമ്മിൽ സഖ്യമുണ്ടായേക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും പഞ്ചാബിലെ വോട്ട് ഷെയർ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. 2017ൽ ആം ആദ്മി പാർട്ടി പഞ്ചാബ് തെരഞ്ഞെടുപ്പിൽ സജീവമാകുന്നതിനു മുൻപ് വിജയിക്കുന്ന പാർട്ടിയുടെ വോട്ട് ഷെയർ 40 ശതമാനത്തിനു മുകളിലായിരുന്നു. 2017നു ശേഷം ഇത് 40 ശതമാനത്തിനു താഴെ ആയി. അക്കൊല്ലം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി അധികാരം പിടിച്ച കോൺഗ്രസിൻ്റെ വോട്ട് ഷെയർ 38.64 ആയിരുന്നു.
Story Highlights: punjab election bjp shiromani akalidal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here