Advertisement

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലമെന്ന് പ്രധാനമന്ത്രി

March 10, 2022
Google News 2 minutes Read

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഘോഷത്തിന്റെ ദിവസമാണ്. ജനാധിപത്യത്തിന്റെ വിജയം ആഘോഷിക്കാനുള്ള ദിനമാണ് ഇന്ന്. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത് എന്നും പറഞ്ഞ മോദി പ്രവര്‍ത്തകരെ അഭിനന്ദിച്ചു. വിജയത്തിനായി മുന്നില്‍ നിന്ന് നയിച്ച ജെ.പി.നദ്ദയേയും അദ്ദേഹം അഭിനന്ദിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകരാമാണ് ഈ വിജയം. ഉത്തര്‍പ്രദേശ് ചരിത്രം കുറിച്ചു. യുപിയില്‍ ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതല്‍ പ്രവര്‍ത്തകര്‍ക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടര്‍മാരും ബിജെപിയെ പിന്തുണച്ചു. കന്നിവോട്ടര്‍മാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിര്‍ണായകമായി.

യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താന്‍ ഒരു കുടുംബത്തിനും എതിരല്ല. കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. ‘പരിവാര്‍ വാദ്’ അവസാനിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട് എന്ന് അന്വേഷണ ഏജന്‍സികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു.

ഉത്തരാഖണ്ഡിലും ബിജെപി ചരിത്രമെഴുതി. അഴിമതിമൂലം ജനങ്ങള്‍ നേരത്തെ ബുദ്ധിമുട്ടിയിരുന്നു. പാവങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. ഭരണത്തില്‍ കൊണ്ടുവന്ന സുതാര്യതയുമാണ് ബിജെപിക്ക് ഇത്തരത്തിലൊരു വിജയം സമ്മാനിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ബിജെപി പ്രവര്‍ത്തകരെ ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും അഭിനന്ദിച്ചു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നെന്ന് അദ്ദേഹം പറഞ്ഞു.

Story Highlights: The Prime Minister said that today’s result will ensure victory in the 2024 Lok Sabha elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here