Advertisement

യഥാർത്ഥ പേര് മറ്റൊന്ന്; മഠാധിപതിയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യോഗിയുടെ യാത്ര

March 10, 2022
Google News 2 minutes Read
who is yogi adithyanath

കാഷായ വേഷം ചുറ്റിയ ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗിയുടെ വരവോടെയാണ്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പൂർ എംപിയും പിന്നാലെ മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുന്ന പല സംഭവങ്ങളും അരങ്ങേറി. ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണം തുടങ്ങി അനിഷ്ട സംഭവങ്ങൾ നിരവധി….പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. രണ്ടാം തവണയും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് എത്തിയത് എങ്ങനെയാണ് ? ( who is yogi adithyanath )

1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിൽ ജനിച്ച യോഗി ആദിത്യനാഥിന്റെ യഥാർത്ഥ പേര് അജയ് മോഹൻ ബിഷ്ട് എന്നായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടി.

പഠനത്തിന് പിന്നാലെ ആത്മീയവഴി തെരഞ്ഞെടുത്ത യോഗി, ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. അവിടെ വച്ചാണ് യോഗി ആദിത്യനാഥ് എന്ന പേര് ലഭിച്ചത്. 1990 ൽ അയോധ്യയിൽ രാമ ക്ഷേത്ര പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വീട് വിട്ടു. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. ഇതിന് നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലിറക്കി.

26-ാം വയസിൽ യോഗി ആദിത്യനാഥ് 12-ാം ലോക്‌സഭയിൽ അംഗമായി. 1998 ൽ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. അഞ്ച് തവണയാണ് യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ നിന്ന് എംപി ആയത്. 1998, 1999, 2009, 2014 വർഷങ്ങളിലായിരുന്നു ഇത്.

2017 ൽ ഉത്തർ പ്രദേശിൽ ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്നു യോഗി ആദിത്യനാഥ്. 2017 മാർച്ച് 18ന് യോഗി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി.

ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവർത്തനങ്ങളും ഭരണപരിഷ്‌കാരങ്ങൾ കൊണ്ടും നിരവധി തവണ വിമർശനം നേരിടേണ്ടി വന്ന നേതാവാണ് യോഗി ആദിത്യനാഥ്. ഗൊരഖ്പൂർ ശിശു മരണ സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ ഇടപെടൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഗൊരഖ്പൂർ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീൽ ഖാനെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ വഴിവച്ചിരുന്നു യോഗി ആദിത്യനാഥിന്റെ ഇടപെടൽ. പിന്നീട് ഉന്നാവ്, ഹത്രാസ് എന്നിവിടങ്ങളിലെ പീഡനക്കേസുകളിലും പ്രതിയെ സംരക്ഷിക്കുന്ന യോഗിയുടെ നിലപാട് നിശിതമായി വിമർശിക്കപ്പെട്ടു. പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

Story Highlights: who is yogi adithyanath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here