ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിന്റെ അഗ്നിപരീക്ഷ; സെമി ആദ്യ പാദം ഇന്ന്

ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോൾ ഒരു കളി സമനില ആവുകയും രണ്ടാം മത്സരത്തിൽ ജംഷഡ്പൂർ വിജയിക്കുകയും ചെയ്തു. രണ്ടാം പാദ ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് ജംഷഡ്പൂർ പരാജയപ്പെടുത്തിയത്. സീസണിലെ രണ്ട് മത്സരങ്ങളിലും ജംഷഡ്പൂരിനെ പരാജയപ്പെടുത്താനാവാത്തത് തിരിച്ചടിയാണെങ്കിലും സെമിഫൈനലിൽ എങ്ങെനെയും വിജയിക്കാനാവും ബ്ലാസ്റ്റേഴ്സിൻ്റെ ശ്രമം. (kerala blasters jamshedpur isl)
തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ച് റെഡ് ഹോട്ട് ഫോമിലാണ് ജംഷഡ്പൂർ. സീസണിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഐഎസ്എൽ ഷീൽഡ് നേടി. ഈ സീസണിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഓവൻ കോയൽ അതിഗംഭീരമായാണ് ടീമിനെ മുന്നോട്ടുനയിക്കുന്നത്. മറുവശത്ത്, 6 വർഷങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്സ് സെമിയിലെത്തുന്നത്. പതിഞ്ഞ തുടക്കത്തിനു ശേഷം തുടരെ മത്സരങ്ങൾ വിജയിച്ച ബ്ലാസ്റ്റേഴ്സ് കൊവിഡ് ഇടവേളയ്ക്ക് ശേഷം അല്പം കിതച്ചെങ്കിലും പട്ടികയിൽ നാലാമത് ഫിനിഷ് ചെയ്തു. പരിശീലകൻ ഇവാൻ വുകുമാനോവിച്ചിൻ്റെ പരിശീലന മികവും എടുത്തുപറയേണ്ടതാണ്.
Read Also : ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പാദ സെമി നാളെ; കൊച്ചിയെ മഞ്ഞക്കടലാക്കാന്‍ ആരാധകര്‍ക്ക് ക്ഷണം
സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിൽ നിന്ന് ഈ സീസണിൽ ജംഷഡ്പൂരിലെത്തിയ ഗ്രെഗ് സ്റ്റുവർട്ട് ആണ് ജംഷഡ്പൂരിൻ്റെ സൂപ്പർ സ്റ്റാർ. 10 ഗോളും 10 അസിസ്റ്റുമുള്ള താരത്തിൻ്റെ ഗോൾ സംഭാവന 50 ശതമാനമാണ്. ആകെ ഗോളുകളിൽ മൂന്നാമതും അസിസ്റ്റിൽ ഒന്നാമതുമുണ്ട് ഗ്രെഗ്. ഗോൾ സംഭാവനകളിൽ പകുതി കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന റിത്വിക് ദാസുംസീസണിൽ ജംഷഡ്പൂരിൻ്റെ പ്രകടനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തി. ജംഷഡ്പൂരിനായി 4 ഗോളുകൾ നേടിയ താരം മധ്യനിരയിൽ കളി മെനയാനും മിടുക്കുകാണിച്ചു.
ബ്ലാസ്റ്റേഴ്സിൽ അഡ്രിയൻ ലൂണയാണ് ഏറ്റവും സുപ്രധാന താരം. ഏഴ് അസിസ്റ്റും അഞ്ച് ഗോളുകളും നേടിയ താരം ബ്ലാസ്റ്റേഴ്സിൻ്റെ എഞ്ചിൻ റൂമാണ്. സ്പേസ് കണ്ടെത്താനും കിറുകൃത്യം ത്രൂബോളുകൾ നൽകാനും ലൂണയ്ക്ക് സാധിയ്ക്കും. ഫ്രീകിക്ക് ഗോളുകളും അസാധ്യ ആംഗിളുകളിൽ നിന്നുള്ള സ്ക്രീമറുകളുമൊക്കെ ലൂണ നൽകുന്ന പാക്കേജിലുണ്ട്. പെരേര ഡിയാസും ബ്ലാസ്റ്റേഴ്സിൻ്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. 8 ഗോളുകളും ഒരു അസിസ്റ്റുമുള്ള താരത്തിൻ്റെ വർക്ക് റേറ്റ് അപാരമാണ്. ഗ്രൗണ്ടിലുടനീളം ഓടിനടന്ന് ഡിയാസ് കളിക്കും. താരത്തിൻ്റെ പൊസിഷനിംഗും കിറുകൃത്യമാണ്. 8 ഗോൾ നേടിയ ആൽവാരോ വാസ്കസ്, പ്രതിരോധത്തിലെ വിപ്ലവം റുയിവ ഹോർമിപോം, ഗോൾഡൻ ഗ്ലൗവിൽ ഒന്നാമതുള്ള പ്രഭ്സുഖൻ ഗിൽ എന്നിവരും ബ്ലാസ്റ്റേഴ്സിൻ്റെ സുപ്രധാന താരങ്ങളാണ്.
മുൻപ് 6 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജംഷഡ്പൂർ മൂന്ന് മത്സരങ്ങളിൽ വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് ഒരു മത്സരത്തിലേ വിജയിക്കാനായുള്ളൂ.
Story Highlights: kerala blasters jamshedpur fc isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here