ഫിഞ്ച് ഐപിഎൽ കളിക്കും; എത്തുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്

ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ഐപിഎലിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഇംഗ്ലീഷ് താരം അലക്സ് ഹെയിൽസിനു പകരക്കാരനായി താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്. ബയോ ബബിളിലെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഹെയിൽസ് ഐപിഎലിൽ നിന്ന് പിന്മാറിയിരുന്നു.
ഫിഞ്ചിൻ്റെ 9ആം ഐപിഎൽ ടീമാണ് കൊൽക്കത്ത. വിവിധ ടീമുകളിലായി 87 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള ഫിഞ്ച് അത്ര മികച്ച പ്രകടനങ്ങളല്ല നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം നടന്ന ഐപിഎൽ ലേലത്തിൽ ഫിഞ്ചിനെ ഒരു ടീമും വാങ്ങിയിരുന്നില്ല. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലാണ് താരം കളിച്ചത്. 87 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 127 സ്ട്രൈക്ക് റേടിൽ 2005 റൺസ് നേടിയിട്ടുള്ള താരത്തെ അടിസ്ഥാന വിലയായ ഒന്നരക്കോടി രൂപയ്ക്കാണ് കൊൽക്കത്ത ഫിഞ്ചിനെ ടീമിലെത്തിച്ചത്.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.
Story Highlights: Kolkata Knight Riders Aaron Finch Replacement Alex Hales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here