വനിതാ ലോകകപ്പ്: അവസാന ഓവർ വരെ ആവേശം; പാകിസ്താനെ കീഴടക്കി ദക്ഷിണാഫ്രിക്ക

വനിതാ ലോകകപ്പിൽ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശ ജയം. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 6 റൺസിനാണ് ദക്ഷിനാഫ്രിക്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 224 റൺസിൻ്റെ വിജയലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ ഒരു പന്ത് ബാക്കിനിൽക്കെ 217 റൺസിന് ഓൾ ഔട്ടായി. പാകിസ്താൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷബ്നിം ഇസ്മയിലാണ് കളിയിലെ താരം. ലോകകപ്പിൽ പാകിസ്താൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണ് ഇത്. നേരത്തെ, ഇന്ത്യക്കും ഓസ്ട്രേലിയക്കുമെതിരെ പാകിസ്താൻ പരാജയപ്പെട്ടിരുന്നു. (womens south africa pakistan)
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ലിസൽ ലീയെയും (2) തസ്മിൻ ബ്രിറ്റ്സിനെയും (2) വേഗം നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ലോറ വോൾവാർട്ടും (75) ക്യാപ്റ്റൻ സുൻ ലൂസും (62) ചേർന്ന 89 റൺസ് കൂട്ടുകെട്ട് അവരെ കരകയറ്റി. തുടർന്ന് വീണ്ടും അവർക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്ടമായി. മിന്യോൺ ഡുപ്രീസ് (0), മരിസൺ കാപ്പ് (7) എന്നിവർ വേഗം മടങ്ങി. പിന്നീട് ക്ലോയ് ടൈറൺ (31), ട്രിഷ ചെട്ടി (31) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കയെ മാന്യമായ സ്കോറിലെത്തിച്ചു. പാകിസ്താനു വേണ്ടി ഫാത്തിമ സനയും ഗുലം ഫാത്തിമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Read Also : വനിതാ ലോകകപ്പ്: മെല്ലെപ്പോക്ക് തിരിച്ചടിച്ചു; ഇന്ത്യക്ക് പരാജയം
മറുപടി ബാറ്റിംഗിൽ പാകിസ്താനും മോശം തുടക്കമാണ് ലഭിച്ചത്. സിദ്ര അമീൻ (12), ബിസ്മ മറൂഫ് (0) എന്നിവർ വേഗം പുറത്തായപ്പോൾ നാഹിദ ഖാൻ (40), ഒമൈമ സുഹൈൽ (65), നിദ ദർ (55) എന്നിവരാണ് പാകിസ്താനു വേണ്ടി തിളങ്ങി. ആലിയ റിയാസ് (0), ഫാത്തിമ സന (9) എന്നിവരൊക്കെ വേഗം മടങ്ങി. 49ആം ഓവറിൽ നിദ ദർ പുറത്തായതാണ് പാകിസ്താനു തിരിച്ചടി ആയത്. അവസാന ഓവറിൽ 10 റൺസായിരുന്നു പാകിസ്താൻ്റെ വിജയലക്ഷ്യം. എന്നാൽ, ഓവറിലെ രണ്ടാം പന്തിൽ തന്നെ ഡയാന ബൈഗിനെ (13) മടക്കി അയച്ച ഷബ്നിം ഇസ്മയിൽ ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
രണ്ടിൽ രണ്ട് മത്സരങ്ങളും വിജയിച്ച ദക്ഷിണാഫ്രിക്ക പോയിൻ്റ് പട്ടികയിൽ മൂന്നാമതും മൂന്നിൽ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താൻ പട്ടികയിൽ അവസാന സ്ഥാനത്തുമാണ്.
Story Highlights: womens world cup south africa won pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here