Advertisement

വാട്ട്‌സ്ആപ്പ് വെബിനായി പുതിയ സുരക്ഷാ മാര്‍ഗം; എന്താണ് കോഡ് വെരിഫൈ?

March 12, 2022
Google News 1 minute Read

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്‍പ്പെടെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഒട്ടനവധി മാര്‍ഗങ്ങള്‍ അവലംബിച്ച ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷന്‍ എന്ന നിലയ്ക്ക് കൂടിയാണ് വാട്ട്‌സ്ആപ്പിന് ആവശ്യക്കാരേറുന്നത്. സ്വകാര്യത നഷ്ടവുമായി ബന്ധപ്പെട്ട് മെറ്റ ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാര്‍ ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിലവിലുള്ള മാര്‍ഗങ്ങള്‍ മാത്രം പോരെന്ന് വാട്ട്‌സ്ആപ്പിന് തോന്നിത്തുടങ്ങിയിട്ട് കുറച്ചുനാളായി. ഒടുവിലിതാ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യത്ക്കുമായി ഒരു സുപ്രധാന പ്രഖ്യാപനവുമായി വാട്ട്‌സ്ആപ്പ് എത്തിയിരിക്കുകയാണ്. വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ഹാക്കിംഗ് സാധ്യതകളെ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനായി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച പുതിയ സംവിധാനമാണ് കോഡ് വെരിഫൈ.

എന്താണ് കോഡ് വെരിഫൈ?

കഴിഞ്ഞ വര്‍ഷമാണ് വാട്ട്‌സ്ആപ്പ് മള്‍ട്ടി ഡിവൈസ് കേപ്പബിലിറ്റി അവതരിപ്പിക്കുന്നത്. ഇതോടെ വാട്ട്‌സ്ആപ്പ് വെബ് വഴി നേരിട്ട് ഇന്‍സ്റ്റന്റ് മെസേജിംഗ് ആസ്വദിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു. ബ്രൗസറുകള്‍ വഴി വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ ആസ്വദിക്കാമെന്ന നില വന്നപ്പോള്‍ നിരവധി സുരക്ഷാ ആശങ്കകളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു. ഈ ആശങ്കകള്‍ പരിഹരിക്കാനായി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച വെബ് ബ്രൗസര്‍ എക്‌സറ്റെന്‍ഷനാണ് കോഡ് വെരിഫൈ. വാട്ട്‌സ്ആപ്പ് വെബിനായി ഉപയോഗിക്കുന്ന കോഡുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്നും മാറ്റം വരുത്തിയിട്ടില്ലെന്നും ഉറപ്പിക്കാനുള്ള മുന്‍കരുതലാണ് ഈ വെബ് ബ്രൗസര്‍ എക്‌സറ്റെന്‍ഷന്‍. കോഡുകള്‍ ഈ എക്‌സ്റ്റന്‍ഷനിലൂടെ വെരിഫൈ ചെയ്യാനും ഉപയോക്താക്കളുടെ ആശങ്കകളെ സമയബന്ധിതമായി പരിഹരിക്കാനും സാധിക്കുമെന്നാണ് വാട്ട്‌സ്ആപ്പ് അവകാശപ്പെടുന്നത്. ഇതിലൂടെ വാട്ട്‌സ്ആപ്പ് വെബ് സേവനങ്ങള്‍ മികവുറ്റതാക്കാന്‍ കഴിയുമെന്നും വാട്ട്‌സ്ആപ്പ് വിശ്വസിക്കുന്നു.

Read Also : രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാസെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്; യുവാക്കളെ കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് അവസരങ്ങള്‍

കോഡ് വെരിഫൈ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ക്ലൗഡ്ഫ്‌ലെയറുമായി യോജിച്ചാണ് വാട്ട്‌സ്ആപ്പ് കോഡ് വെരിഫൈ സംവിധാനം സജ്ജമാക്കിയത്. ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനങ്ങള്‍ വെബില്‍ ഉപയോഗിക്കുമ്പോള്‍ കോഡുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പിക്കാനാണ് കോഡ് വെരിഫൈ ഉപയോഗിക്കേണ്ടത്. ബ്രൗസറിന് ലഭിക്കുന്ന കോഡുകളും ക്ലൗഡ്ഫ്‌ലെയറിന് വാട്ട്‌സ്ആപ്പ് നല്‍കുന്ന യൂണിക്കായ കോഡുകളും തമ്മില്‍ ഒത്തുനോക്കുകയാണ് കോഡ് വെരിഫൈ ചെയ്യുന്നത്.

കോഡ് വെരിഫൈ ഉപയോഗിക്കേണ്ടത് എങ്ങനെ?

ഗൂഗിള്‍ ക്രോം, ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങി എല്ലാ ബ്രൗസറുകളിലും എക്‌സെറ്റഷനായി കോഡ് വെരിഫൈ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. ഫയര്‍ഫോക്‌സ്, മൈക്രോസോഫ്റ്റ് എഡ്ജ് തുടങ്ങിയവയില്‍ ഇന്‍സ്റ്റാള്‍ ചെയ്താലുടന്‍ ഓട്ടോമാറ്റിക്കായി കോഡ് വെരിഫൈ പിന്‍ ചെയ്യപ്പെടുമെങ്കിലും ഗൂഗിള്‍ ക്രോമില്‍ ഉപയോക്താക്കള്‍ തന്നെ കോഡ് വെരിഫൈ പിന്‍ ചെയ്യേണ്ടതുണ്ട്. പിന്നീട് ഓരോ തവണ വാട്ട്‌സ്ആപ്പ് വെബ് ഉപയോഗിക്കപ്പെടുമ്പോഴും ബ്രൗസറിന് ലഭിക്കുന്ന കോഡുകളും ക്ലൗഡ്ഫ്‌ലെയറിന് വാട്ട്‌സ്ആപ്പ് നല്‍കുന്ന യൂണിക്കായ കോഡുകളും തമ്മില്‍ ഓട്ടോമാറ്റിക്കായി കോഡ് വെരിഫൈ ഒത്തുനോക്കുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന് കോഡ് വെരിഫൈയിലൂടെ എങ്ങനെ കണ്ടെത്താം?

ക്ലൗഡ്ഫ്‌ലെയറിന് വാട്ട്‌സ്ആപ്പ് നല്‍കുന്ന യൂണിക്കായ കോഡുകളും തമ്മില്‍ ഒത്തുനോക്കി അവ ഒന്നാണെങ്കില്‍ കോഡ് വെരിഫൈ അത് പച്ച നിറത്തില്‍ അടയാളപ്പെടുത്തും. അതായത് നിങ്ങള്‍ സുരക്ഷിതരാണെന്ന് അര്‍ഥം. എന്നാല്‍ ഇത് സമാനമല്ലെങ്കില്‍ കോഡ് വെരിഡൈ ചുവപ്പ് നിറത്തില്‍ മാര്‍ക്ക് ചെയ്യും. ഇങ്ങനെവന്നാല്‍ ഉടന്‍ സോഴ്‌സ് കോഡ് ഡൗണ്‍ലോഡ് ചെയ്ത് തേര്‍ഡ് പാര്‍ട്ടിയുടെ വിലയിരുത്തലിനായി അയക്കേണ്ടതുണ്ട്. വാട്ട്‌സ്ആപ്പ് ഹെല്‍പ്പ് സെന്ററിന്റെ ശ്രദ്ധയിലും ഇത് കൊണ്ടുവരണം. പിന്നീട് വാട്ട്‌സ്ആപ്പിന്റെ നിര്‍ദേശങ്ങള്‍ ഉപയോക്താക്കള്‍ കൃത്യമായി പാലിക്കേണ്ടി വരികയും ചെയ്യും.

Story Highlights: whatsapp web code verify

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here