Advertisement

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് കെ.സി.വേണുഗോപാല്‍

March 13, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തന്നെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സ്വാഭാവികമായും പ്രവര്‍ത്തകര്‍ക്ക് വിഷമം ഉണ്ടാകും. അതില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

തോല്‍വിയെക്കുറിച്ച് വസ്തു നിഷ്ഠമായ പഠനം നടത്തിയാലല്ലേ എന്തുകൊണ്ടാണ് തോറ്റതെന്ന് മനസിലാകു. ഇപ്പോള്‍ ഞങ്ങള്‍ മാത്രമല്ലല്ലോ തോറ്റത്. യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കുള്‍പ്പെടെ വലിയ തിരിച്ചടിയുണ്ടായില്ലേ, അവര്‍ ജയിച്ചോ. അപ്പോള്‍ പാര്‍ട്ടികള്‍ തോല്‍ക്കുന്നത് എന്തുകൊണ്ടാണ് എന്നതില്‍ പരിശോധനവേണം. അത്തരത്തില്‍ വിലയിരുത്തലുകള്‍ നടത്തി ആവശ്യമായ തിരുത്തലുകള്‍ കൊണ്ടുവരണം. അതിനാണ് ഇന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ട് കോണ്‍ഗ്രസ് പ്രസിഡന്റിനോട് തെരഞ്ഞെടുപ്പ് മുന്നില്‍ നിന്ന് നയിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായ രാഷ്ട്രീയ മാറ്റങ്ങള്‍ ചെയ്യാനും അവരെ ചുമതലപ്പെടുത്തകയാണ് ഇന്ന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങള്‍ പറയുന്നതും പൊതു ചര്‍ച്ചയും അടിസ്ഥാനമാക്കി കോണ്‍ഗ്രസ് കമ്മിറ്റിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. ഓഗസ്റ്റ് 20 കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം. എല്ലാ ഘടകങ്ങളിലും നാലു മാസം കൊണ്ട് തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതില്‍ ഗാന്ധി കുടുംബങ്ങള്‍ക്ക് മാത്രമേ മത്സരിക്കാവു എന്നില്ല. ആര്‍ക്കും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിയില്‍ കൂട്ടുത്തരവാദിത്തമാണ് ചര്‍ച്ചയിലുണ്ടായത്. പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ പുനരാലോചിക്കാന്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനമായി. പ്രവര്‍ത്തക സമിതിയില്‍ വിശദമായ ചര്‍ച്ച നടന്നു. നേതൃത്വത്തില്‍ പ്രവര്‍ത്തക സമിതി വിശ്വാസം അര്‍പ്പിച്ചെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. പ്ലീനറി സമ്മേളനം വരെ സോണിയ ഗാന്ധി താത്കാലിക അധ്യക്ഷയായി തുടരാനും തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗത്തിന് തീരുമാനം. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് യോഗം അവസാനിച്ചത്.

ആരും രാജി സന്നദ്ധത അറിയിച്ചില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയിലെ ഭൂരിപക്ഷം വിശ്വാസം അറിയിച്ചു. ഗാന്ധി കുടുംബത്തിന് ബദല്‍ എന്തിനെന്ന് അംബിക സോണി ചോദിച്ചു. ഗാന്ധി കുടുംബത്തില്‍ പ്രവര്‍ത്തക സമിതിയില്‍ ഭൂരിപക്ഷം വിശ്വാസം അറിയിച്ചുവെന്നുമാണ് വിവരം.

ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ യോഗത്തില്‍ പറഞ്ഞു. അഞ്ച് മണിക്കൂറാണ് പ്രവര്‍ത്തക സമിതി യോഗം നീണ്ടുനിന്നത്. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് റിപ്പോര്‍ട്ടിങ് നടന്നു. നേതാക്കളില്‍ ഭൂരിഭാഗവും ചര്‍ച്ചകളില്‍ പങ്കെടുത്തു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുണ്ടെന്ന് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാകും. ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. തോല്‍വി അതീവ ഗൗരവമെന്ന് വിലയിരുത്തി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ എല്ലാവരും വിശ്വാസം രേഖപ്പെടുത്തി. പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം ചിന്തന്‍ ശിബിര്‍ സംഘടിപ്പിക്കും. ഗാന്ധി കുടുംബം തുടരണമെന്നും കടുത്ത നിലപാടുകള്‍ സ്വീകരിക്കരുതെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു.

Story Highlights: KC Venugopal says he is not beyond criticism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement