മലയാളി സൈനികനെ കാണാതായിട്ട് 30 വർഷം; കാത്തിരിപ്പ് തുടർന്ന് കുടുംബം

സൈനികനായ മലയാളിയെ കാണാതായിട്ട് 30 വർഷം. ഇന്ത്യൻ വ്യോമസേനയുടെ ജാംനഗർ യൂണിറ്റിൽ നിന്നുമാണ് മലയാളിയായ സൈനികൻ കെ. സനൽകുമാറിനെ കാണാതായത്. സനലിന്റെ തിരോധാനത്തിന് 30 വയസ്സ് തികയുമ്പോൾ കണ്ണീരോടെ കാത്തിരിപ്പ് തുടരുകയാണ് കുടുംബം. കൂടെ മൂന്ന് പതിറ്റാണ്ടിനിപ്പുറവും സംഭവത്തിലെ ദുരൂഹത ഉത്തരമില്ലാതെ ശേഷിക്കുന്നു.
1992 ഓഗസ്റ്റിലാണു വ്യോമസേനാ കോർപറൽ കെ സനൽകുമാറിനെ കാണാതായെന്ന് വീട്ടിലേക്കു കത്തുവന്നത്. മൂന്നു മാസത്തെ അവധിക്കുശേഷം ഗുജറാത്തിലെ ജാംനഗറിലേക്കാണു സനൽ പോയത്. അവിടെ ഓഗസ്റ്റ് മൂന്നിന് എത്തിയതായി വീട്ടിലേക്കുള്ള കത്തിലുണ്ട്. ഓഗസ്റ്റ് 9ന് വ്യോമസേനാ ആസ്ഥാനത്ത് എത്തിയ സനൽ ഒരു സൈക്കിളിൽ ടൗണിലേക്കു പുറപ്പെട്ടതു കണ്ടവരുണ്ട്. എന്നാൽ പിന്നീട് ഈ സൈക്കിൾ ജാംനഗർ നഗരത്തിൽനിന്നു കണ്ടെടുത്തു. ഓഗസ്റ്റ് 10 മുതൽ സനലിനെ കാണാനില്ലെന്നാണ് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്.
2009 ഓഗസ്റ്റ് 10ന് വ്യോമസേനാ അധികൃതർ സനലിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുന്ന ഉത്തരവ് വീട്ടിലേക്കയച്ചു. 1992 സെപ്റ്റംബർ 8ന് പിരിച്ചുവിട്ടതായാണ് കത്തിലെ അറിയിപ്പ്. ഇതിനിടയിൽ പല തവണ സനലിന്റെ കുടുംബാംഗങ്ങൾ വ്യോമസേനയ്ക്കും കേന്ദ്ര, സംസ്ഥാന മന്ത്രിമാർക്കും എംപിമാർക്കുമൊക്കെ പരാതി അയയ്ക്കുകയും നിവേദനം നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ജോലിസ്ഥലത്തെ എന്തെങ്കിലും പ്രശ്നമാണ് കാരണമെങ്കിൽ സനൽ മറ്റേതെങ്കിലും സ്ഥലത്തു ജീവിച്ചിരിപ്പുണ്ടാവുമെന്നാണ് സഹോദരൻ ഹരീന്ദ്രന്റെയും കുടുംബാംഗങ്ങളുടെയും പ്രതീക്ഷ.
Story Highlights: malayali army officer missing 30 years