യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമേകിയ പാക്കിസ്താന്‍ യുവാവ്; 2500 വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി അതിര്‍ത്തി കടത്തിയ കരുതലിന്റെ കഥ

പുറത്ത് നിന്ന് നിരന്തരം വെടിയൊച്ചകള്‍ കേട്ട് യുക്രൈനിലെ യുദ്ധബാധിത മേഖലകളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിറങ്ങലിച്ചുനിന്ന സമയം. അതിര്‍ത്തികളിലേക്കെത്തിയാല്‍ രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയില്‍ ജീവനും കൈയിലെടുത്ത് വിദ്യാര്‍ത്ഥികള്‍ നടക്കാന്‍ തീരുമാനിക്കുന്നു. യുക്രൈന് പുറത്തേക്ക് എത്രയും വേഗം വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍ എംബസി അധികൃതര്‍ക്കുമേല്‍ സമ്മര്‍ദമേറുകയായിരുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ് പാക്കിസ്താന്‍ സ്വദേശിയായ മൊ അസാം ഖാന്‍ വിദ്യാര്‍ഥികള്‍ക്കും അധികൃതര്‍ക്കും ഇടയിലേക്ക് പ്രത്യക്ഷപ്പെടുന്നത്. യുക്രൈനിലെ ബസ് ടൂര്‍ ഓപ്പറേറ്ററായ ആ മനുഷ്യനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കണ്ടത് ദൈവദൂതനെയായിരുന്നു.
യുദ്ധഭീതിക്കിടെ അതിര്‍ത്തികളിലേക്ക് വാഹനങ്ങള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്ത് മൊ അസാം എന്ന പാക്കിസ്താനി യുവാവ് 2500ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ വാഹനങ്ങള്‍ ഒരുക്കിക്കൊടുത്തു. പ്രതിസന്ധി മുതലാക്കി കഴുത്തറപ്പന്‍ പണം വാങ്ങാമെന്ന നേട്ടമല്ല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കുമ്പോള്‍ ഈ യുവാവ് കണ്ടത്. ദിവസങ്ങളായി വിശന്നും ദാഹിച്ചും ഭയന്നും ക്ഷീണിതരായിയിരിക്കുന്ന, കൈയ്യില്‍ കാര്യമായി പണമൊന്നുമില്ലാത്ത വിദ്യാര്‍ത്ഥികളെ അദ്ദേഹം നയാപൈസ വാങ്ങാതെ അതിര്‍ത്തികളിലെത്തിച്ചു. കൈയില്‍ പണമുള്ള വിദ്യാര്‍ത്ഥികള്‍ കൊടുക്കുമ്പോള്‍ മാത്രം കണക്കുപറയാതെ പണം വാങ്ങി. പണത്തിനപ്പുറമുള്ള മനുഷ്യത്വത്തിന്റെ മുഖം നിസഹായരായി നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാട്ടിക്കൊടുക്കുകയായിരുന്നു ആ യുവാവ്.
Read Also : പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 മരണം
സഹോദരന്റെ കുടുംബം യുക്രൈനില്‍ താമസമാക്കിയതിന് പിന്നാലെയാണ് മൊ അസാം യുക്രൈനിലെത്തുന്നത്. സിവില്‍ എഞ്ചിനീയറിംഗാണ് പഠിച്ചതെങ്കിലും പിന്നീട് ടൂര്‍ ഓപ്പറേറ്റായാണ് ജോലി നോക്കിയത്. യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിസഹായരായി നിന്നപ്പോള്‍ അവരെ തനിക്ക് ശരിയായി മനസിലാക്കാനായത് ഭാഷയുടെ സവിശേഷത കൊണ്ട് കൂടുയാണെന്ന് ഈ യുവാവ് പറയുന്നു. ഉറുദു നന്നായി വശമുള്ള മൊ അസാമിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഹിന്ദി നല്ലതുപോലെ മനസിലായി.
ഏതോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആരോ ഷെയര്‍ ചെയ്ത തന്റെ നമ്പരിലേക്ക് നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സഹായത്തിനായി വിളിച്ചപ്പോള്‍ മടികൂടാതെ മൊ അസാം വിദ്യാര്‍ത്ഥികളുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സുരക്ഷിതമായി ഓരോ വിദ്യാര്‍ത്ഥികളും അതിര്‍ത്തി കടന്നു. ഒരു അപകടവും തന്റെ വാഹനത്തെ തേടിയെത്തിയില്ലെന്നത് ആശ്വാസത്തോടെയാണ് മൊ അസാം ഓര്‍ക്കുന്നത്. സ്‌നേഹ സ്പര്‍ശത്തിന്റെ ശക്തിയില്‍ വിശ്വസിക്കുന്ന മൊ അസാം ഓരോ വിദ്യാര്‍ത്ഥിയേയും സ്‌നേഹത്തോടെ കെട്ടിപ്പിടിച്ച് യാത്രയാക്കി. മനുഷ്യര്‍ക്ക് മനുഷ്യരുടെ സാന്ത്വനിപ്പിക്കുന്ന സ്പര്‍ശം പല ഘട്ടങ്ങളിലും ആവശ്യമാണെന്ന ബോധ്യത്തോടെ…
Story Highlights: The Pakistani who helped Indian students in Ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here