Advertisement

പടിഞ്ഞാറൻ യുക്രൈനിൽ മിസൈൽ ആക്രമണം; 35 മരണം

March 13, 2022
Google News 2 minutes Read
russian missile attack claimes 35 lives

പടിഞ്ഞാറൻ യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 മരണം. സൈനിക പരിശീലന കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 134 പേർക്ക് പരുക്കേറ്റു. യുക്രൈനിലെ മിക്കോലവിലെ റഷ്യൻ ആക്രമണത്തിൽ 9 പേരാണ് മരിച്ചത്. അതിനിടെ യുക്രൈനിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ രംഗത്ത് വന്നു. ( russian missile attack claimes 35 lives )

യുദ്ധത്തിന്റെ പതിനെട്ടാം ദിനത്തിലും റഷ്യൻ സൈന്യം കടുത്ത ആക്രമണമാണ് യുക്രൈനിൽ നടത്തുന്നത്. ലിവ് നഗരത്തിൽ ഇരട്ട സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്. നഗരത്തിൽ റഷ്യൻ സൈന്യം തുടർച്ചയായി മിസൈൽ ആക്രമണവും നടത്തി. പടിഞ്ഞാറൻ യുക്രൈനിലെ തന്ത്രപധാന നഗരമാണ് ലിവ്. പടിഞ്ഞാറൻ നഗരമായ ഇവാനോഫ്രാങ്കിവിസ്‌കിലും സ്‌ഫോടനങ്ങളുണ്ടായി.

അതേസമയം, വടക്ക്, പടിഞ്ഞാറ്, വടക്കുകിഴക്കൻ മേഖലകളിൽ നിന്നായി റഷ്യൻ സൈന്യം തലസ്ഥാന നഗരമായ കീവിലേയ്ക്ക് കൂടുതൽ അടുത്തതായാണ് റിപ്പോർട്ടുകൾ. കീവിലെ യുക്രൈൻ സൈന്യത്തിന്റെ എയർഫീൽഡിനുനേരെ മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. കീവിനടുത്ത് ഒരു ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുകയായിരുന്ന സംഘത്തിനുനേരെ റഷ്യൻ സൈന്യം നടത്തിയ വെടിവെയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ ഒരു മുസ്ലിം പള്ളി റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിലൂടെ തകർത്തു. എൺപതോളം പേർ പള്ളിക്കകത്ത് അഭയം തേടിയിരുന്നു. വാസിൽകീവിലെ വിമാനത്താവളവും റഷ്യൻ ആക്രമണത്തിൽ തകർന്നു.

Read Also : രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ കൊലപ്പെടുത്തി റഷ്യൻ സൈന്യം

ഇതിനിടെ, യുക്രൈനിൽ നിന്ന് അഭയാർത്ഥികൾ ഒഴുകുന്ന മോൾഡോവ അന്താരാഷ്ട്ര സഹായം തേടി. ഇതുവരെയായി ഒരു ലക്ഷം പേർ രാജ്യത്ത് എത്തിയിട്ടുണ്ടെന്നും ഇത് താങ്ങാവുന്നതിലും അപ്പുറമാണെന്നും മോൾഡോവ പ്രധാനമന്ത്രി നതാലിയ ഗാവ്‌റിലിറ്റ പറഞ്ഞു. രാജ്യത്തെ വ്യത്യസ്ത നഗരങ്ങളിൽ നിന്നായി പതിമൂവായിരം പേരെയാണ് ഇന്നലെ മാത്രം ഒഴിപ്പിച്ചതെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഇറിന വെറേഷുക്ക് പറഞ്ഞു. ഒമ്പത് മാനുഷിക ഇടനാഴികൾ വഴിയാണ് ഇവരെ ഒഴിപ്പിച്ചതെന്നും വെറേഷുക്ക് പറഞ്ഞു. അതേസമയം, യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ മധ്യസ്ഥത വഹിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വഌഡിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിനുമായി ജറുസലേമിൽ വെച്ച് കൂടിക്കാഴ്ചയാവാമെന്ന് സെലൻസ്‌കി പറഞ്ഞു. യുക്രൈനിന്റെ ആയിരത്തി മുന്നൂറ് സൈനികരാണ് റഷ്യൻ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടതെന്ന് സെലൻസ്‌കി അറിയിച്ചു. അറുന്നൂറോളം റഷ്യൻ സൈനികർ യുക്രൈൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയെന്നും സെലൻസ്‌കി പറഞ്ഞു. യുദ്ധത്തിൽ പങ്കെടുക്കുന്ന മക്കളെ തിരികെ വിളിക്കണമെന്ന് വഌഡിമിർ സെലൻസ്‌കി റഷ്യയിലെ അമ്മമാരോട് ആവശ്യപ്പെട്ടു.

Story Highlights: russian missile attack claimes 35 lives

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here