രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ കൊലപ്പെടുത്തി റഷ്യൻ സൈന്യം

രോഗിയായ അമ്മയ്ക്ക് മരുന്ന് വാങ്ങാനിറങ്ങിയ യുക്രൈൻ സ്ത്രീയെ റഷ്യൻ സൈന്യം കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കീവിൽ മരുന്ന് വാങ്ങാനിറങ്ങിയ സ്ത്രീയെ ടാങ്കിൽ നിന്ന് വെടിയുതിർത്താണ് കൊലപ്പെടുത്തിയതെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവർക്കൊപ്പം അമ്മയും ഡ്രൈവറും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വലേരിയ മക്സേസ്ക എന്ന യുവതി, അമ്മ ഐറിന, ഡ്രൈവർ യരോസ്ലാവ് കൊല്ലപ്പെട്ടത്. കീവിൽ തന്നെ തുടരാനായിരുന്നു ഇവരുടെ പദ്ധതി. എന്നാൽ, അമ്മയുടെ മരുന്ന് തീർന്നതോടെ ഇവർ പുറത്തിറങ്ങുകയായിരുന്നു. യാത്രക്കിടെ ഒരു റഷ്യൻ സൈനിക വ്യൂഹത്തിനു കടന്നുപോകാനായി ഇവർ വാഹനം നിർത്തി. ഇതിനിടെയാണ് റഷ്യൻ ടാങ്ക് വെടിയുതിർത്തത്.
യുക്രൈനിലെ മെലിറ്റോപോൾ മേയറെ തടവിലാക്കിയ റഷ്യൻ സൈന്യത്തിന്റെ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. മെലിറ്റോപോൾ നിവാസികളാണ് റഷ്യക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മേയർ ഇവാൻ ഫെഡോറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈനികർ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ റഷ്യ പുതിയ മേയറെ നിയമിക്കുകയും ചെയ്തു.
റഷ്യ ഭീകരതയുടെ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി പ്രതികരിച്ചു. തെക്ക്-കിഴക്കൻ യുക്രൈനിലെ മെലിറ്റോപോൾ നഗരം റഷ്യൻ സൈന്യം ആദ്യം പിടിച്ചെടുത്ത നഗരങ്ങളിലൊന്നാണ്.
സിറ്റി കൗൺസിൽ അംഗമായ ഗലീന ഡാനിൽചെങ്കോയാണ് മെലിറ്റോപോളിലെ പുതിയ മേയറെന്ന് സാപ്രോഷ്യ റീജിയണൽ അഡ്മിനിസ്‌ട്രേഷൻ വെബ്‌സൈറ്റിൽ പറയുന്നു. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മേയറായതിനാൽ ഗലീന ഡാനിൽചെങ്കോയെ ആക്ടിങ് മേയറെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
Story Highlights: Ukraine Woman Medicine Mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here