വനിതാ ലോകകപ്പ്: പാകിസ്താനെതിരെ ബംഗ്ലാദേശിനു ചരിത്ര ജയം; ഇംഗ്ലണ്ടിനു തുടർച്ചയായ മൂന്നാം പരാജയം

വനിതാ ലോകകപ്പിൽ ബംഗ്ലാദേശിനു ചരിത്ര ജയം. പാകിസ്താനെ 9 റൺസിനു കീഴടക്കിയ ബംഗ്ലാദേശ് ലോകകപ്പ് ചരിത്രത്തിലെ അവരുടെ ആദ്യ ജയമാണ് കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്താന് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 225 റൺസെടുക്കാനേ സാധിച്ചുള്ളൂ. പാകിസ്താൻ്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫാത്തിമ ഖാത്തൂൻ ആണ് കളിയിലെ താരം. (world cup bangladesh africa)
ബംഗ്ലാദേശിനു വേണ്ടി ഫർഗാന ഹഖ് (71) ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ നിഗർ സുൽത്താന (46), ഷർമിൻ അക്തർ (44) എന്നിവരും തിളങ്ങി. ഇടക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും മധ്യനിരയുടെ മികച്ച പ്രകടനങ്ങളുടെ മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് അവരുടെ സ്കോറിംഗിനെ ബാധിച്ചു. പാകിസ്താനു വേണ്ടി നസ്റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read Also : വനിതാ ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് ജയം; സെമി സാധ്യത സജീവമാക്കി ഇന്ത്യ
മറുപടി ബാറ്റിംഗിൽ ഓപ്പണർമാരും മൂന്നാം നമ്പർ താരവും തിളങ്ങിയെങ്കിലും പാകിസ്താൻ്റെ മറ്റ് താരങ്ങൾ നിരാശപ്പെടുത്തി. സിദ്ര അമീൻ (104) ടോപ്പ് സ്കോററായി. നാഹിദ ഖാൻ (43), ക്യാപ്റ്റൻ ബിസ്മ മറൂഫ് (31) എന്നിവരും പാക് ഇന്നിംഗ്സിൽ തിളങ്ങി. പക്ഷേ, പിന്നീട് ബാറ്റിംഗ് തകർച്ച നേരിട്ട അവർക്ക് വിജയലക്ഷ്യത്തിന് 9 റൺസകലെ കാലിടറുകയായിരുന്നു. ഇതോടെ പാകിസ്താൻ കളിച്ച 4 മത്സരങ്ങളിലും പരാജയപ്പെട്ടു. ബംഗ്ലാദേശിന് 3 മത്സരങ്ങളിൽ നിന്ന് ഒരു ജയമുണ്ട്.
മറ്റൊരു മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. 3 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 235 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടപ്പെടുത്തി 4 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിൻ്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി ബാറ്റിംഗിൽ 32 റൺസ് നേടിയ മരിസൻ കാപ്പ് ആണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി തമി ബ്യൂമൊണ്ട് (62) ടോപ്പ് സ്കോററായപ്പോൾ ഏമി ജോൻസും (56) തിളങ്ങി. ഡാനി വ്യാട്ട്, ഹെതർ നൈറ്റ്, നാറ്റ് സിവർ എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ലോവർ മിഡിൽ ഓർഡറാണ് ഇംഗ്ലണ്ടിനെ താങ്ങിനിർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ലോറ വോൾവാർട്ട് (77) ടോപ്പ് സ്കോററായി. ക്യാപ്റ്റൻ സുൻ ലൂസ് (36), മരിസൻ കാപ്പ് (32) എന്നിവരും തിളങ്ങി. ഇതോടെ കളിച്ച മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക വിജയിച്ചു.
Story Highlights: womens world cup bangladesh south africa won
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here