സൂര്യകുമാർ യാദവിന് ഐപിഎലിലെ ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിന് ഐപിഎലിലെ ആദ്യ മത്സരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ പരുക്കേറ്റ താരം പിന്നീട് ശ്രീലങ്കക്കതിരെ കളിച്ചിരുന്നില്ല. ഈ മാസം 27ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന മുംബൈ ഇന്ത്യൻസിൻ്റെ ആദ്യ മത്സരത്തിൽ കളിക്കാൻ താരം ഫിറ്റാവില്ലെന്നാണ് വിവരം. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസിനെതിരെ നടക്കുന്ന മത്സരത്തിൽ താരം കളിച്ചേക്കും.
ഐപിഎലിൽ നിയമപരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീമിൽ കൊവിഡ് ബാധ സ്ഥിരീകരിച്ച് 12 താരങ്ങളെ ഫീൽഡിലിറക്കാൻ സാധിക്കില്ലെങ്കിൽ കളി മാറ്റിവെക്കും എന്നതാണ് സുപ്രധാന തീരുമാനം. ഡിആർഎസ് ഒന്നിൽ നിന്ന് രണ്ടിലേക്ക് വർധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതോടൊപ്പം ഫീൽഡർ ക്യാച്ച് ചെയ്ത് ബാറ്റർ പുറത്തായാൽ അടുത്ത ബാറ്റർ സ്ട്രൈക്കർ എൻഡിൽ കളിക്കുമെന്നതും പുതിയ പരിഷ്കാരങ്ങളിൽ പെടുന്നു.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ കളി മാറ്റിവെക്കാൻ 12 പേരിൽ കുറവ് താരങ്ങളുണ്ടാവണം എന്നതിനൊപ്പം ഈ 12 പേരിൽ 7 പേരെങ്കിലും ഇന്ത്യൻ താരങ്ങളാവണം. കളി മാറ്റിവെക്കാൻ പറ്റുമെങ്കിൽ മാറ്റിവെക്കും. അതിനു സാധിച്ചില്ലെങ്കിൽ തീരുമാനം ഐപിഎൽ ടെക്നിക്കൽ കമ്മറ്റിയുടേതാവും. പ്ലേ ഓഫിൽ സൂപ്പർ ഓവറിലും കളി തീർപ്പായില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ ഉയർന്ന പൊസിഷനിൽ ഫിനിഷ് ചെയ്ത ടീമിനെ വിജയികളാക്കി പ്രഖ്യാപിക്കും.
ഐപിഎൽ മത്സരങ്ങൾ മാർച്ച് 26നാണ് ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 55 മത്സരങ്ങൾ മുംബൈയിലും 15 മത്സരങ്ങൾ പൂനെയിലുമാണ്. വാംഖഡെയിലും ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും 20 മത്സരങ്ങൾ വീതവും ബ്രാബോണിലും പൂനെ എംസിഎ രാജ്യാന്തര സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതവും കളിക്കും. പ്ലേ ഓഫ് മത്സരങ്ങൾ അഹ്മദാബാദിലാവും.
Story Highlights: suryakumar yadav miss ipl mumbai indians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here