Advertisement

ആ ദൈവം ഇവിടെയുണ്ട്; സ്വര്‍ണ വളകള്‍ ഊരി നല്‍കിയ സ്ത്രീയെ കണ്ടെത്തി, സ്വര്‍ണ വളകള്‍ ഊരി നല്‍കിയ സ്ത്രീ മോഹനന്‍ വൈദ്യരുടെ ഭാര്യ

March 15, 2022
Google News 2 minutes Read

കശുഅണ്ടി കുത്തി സ്വരൂക്കൂട്ടിയ കാശ് കൊണ്ട് ആശിച്ചു മോഹിച്ച് വാങ്ങിയതായിരുന്നു സുഭദ്ര രണ്ടുപവന്റെ മാല. പട്ടാഴി ദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ സുഭ്രദ്രയുടെ മാല മോഷണം പോയപ്പോള്‍ താങ്ങാന്‍ കഴിയാതിരുന്നതും വിയര്‍പ്പിന്റെ വിലകൊണ്ടായിരുന്നു. സകല ദൈവങ്ങളെയും വിളിച്ച് വാ വിട്ടു കരഞ്ഞു. പരിസരം മറന്നു നിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തി. തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.’അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളു. മാല വാങ്ങിയ ശേഷം ക്ഷേത്ര സന്നിധിയില്‍ എത്തി പ്രാര്‍ഥിക്കണം’. അതു പറഞ്ഞ് ആ യുവതി എങ്ങോട്ടോ മറഞ്ഞു. അന്നു മുതല്‍ ഒരു നാടാകെ തിരിയുന്നതാണ് ആ വള ഊരി നല്‍കിയ സ്ത്രീയെ. ക്ഷേത്രത്തിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സുഭദ്രയുടെ കണ്ണീരൊപ്പാന്‍ സാക്ഷാല്‍ ദൈവം തന്നെ വന്നുവെന്ന് നാട്ടില്‍ പ്രചരിച്ചു. ഒടുവിലിതാ സുഭദ്രയ്ക്ക് തന്റെ വളകള്‍ ഊരി നല്‍കിയ അജ്ഞാത സ്ത്രീയെ കണ്ടെത്തി. ചേര്‍ത്തല മരുത്തോര്‍വട്ടത്തുള്ള ശ്രീലതയാണ് സുഭദ്രക്ക് ക്ഷേത്രത്തില്‍വച്ച് സ്വര്‍ണ വളകള്‍ നല്‍കിയത്. അന്തരിച്ച മോഹനന്‍ വൈദ്യരുടെ ഭാര്യയാണ് ശ്രീലത.

കൊല്ലം കൊട്ടാരക്കര പട്ടാഴി ദേവി ക്ഷേത്രത്തിലായിരുന്നു സംഭവം. ഉത്സവം കൂടാന്‍ പോയതായിരുന്നു സുഭദ്ര. കൊട്ടാരക്കരയില്‍ നിന്നു ബസിലെത്തി ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവെയാണ് രണ്ടുപവന്റെ മാല മോഷണം പോയതറിഞ്ഞത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ കണ്ടാണ് അടുത്തേക്ക് ശ്രീലത എത്തിയത്. തന്റെ കൈയില്‍ക്കിടന്ന രണ്ടു വളകള്‍ ഊരിനല്‍കി ശ്രീലത പോകുകയായിരുന്നു. സുഭദ്രയുടെ വിഷമം കണ്ട് സഹിക്കാനാവാതെയാണ് തന്റെ വളയൂരി നല്‍കിയതെന്ന് ശ്രീലത പറഞ്ഞു.

കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴി ക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭാദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ 11ന് സംഭവം നടന്നതുമുതല്‍ ശ്രീലതയെ കണ്ടെത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. ഒറ്റ കളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീ പിന്നെ എങ്ങോട്ടുപോയെന്ന് സുഭദ്രയ്ക്കുമറിയില്ലായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്കും രണ്ടുപവനോളം തൂക്കം വരുന്ന വളകള്‍ സമ്മാനിച്ച ശ്രീലതയെ കണ്ടെത്താനായില്ല. ക്ഷേത്ര ഭാരവാഹി ലെജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര മടങ്ങുകയായിരുന്നു. മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട്ട് വീട്ടില്‍ സുഭദ്ര കശുഅണ്ടി തൊഴിലാളിയാണ്.

Story Highlights: The woman who pulled out the gold bracelets was found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here