ആരാണ് ശ്രീനിവാസൻ കൃഷ്ണൻ; വദ്രയുമായി ബന്ധമെന്ത് ?

കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് കോൺഗ്രസ് ജയിക്കുന്ന സീറ്റിൽ സ്ഥാനാർത്ഥി ആരാകും. എം ലിജുവിൻ്റേയും സതീശൻ പാച്ചേനിയുടേയും പേരുകളാണ് അന്തിമ പരിഗണനയിൽ. എന്നാൽ ഹൈക്കമാൻഡ് ശ്രീനിവാസൻ കൃഷ്ണൻ്റെ പേര് നിർദേശിക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ
ആരാണ് ശ്രീനിവാസൻ കൃഷ്ണൻ
ശശി തരൂർ നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് ആയിരിക്കെ 2018ൽ എ ഐ സി സി സെക്രട്ടറി പട്ടികയിൽ ഈ പേരു കണ്ട് കോൺഗ്രസുകാർ മൂക്കത്ത് വിരൽ വെച്ചു. ആരാണ് ശ്രീനിവാസൻ കൃഷ്ണനെന്ന് അതോടെ പലരും അന്വേഷിക്കാൻ തുടങ്ങി. ഉമ്മൻ ചാണ്ടിക്ക് ആന്ധ്രയുടെ ചുമതല നൽകിയപ്പോൾ ശ്രീനിവാസൻ കൃഷ്ണന് ലഭിച്ചത് തെലങ്കാനയുടെ ചുമതല. ശ്രീനിവാസൻ്റെ നിയമനത്തിനെതിരെ വി എം സുധീരൻ ഉൾപ്പെടെ ചില നേതാക്കൾ പരസ്യമായി രംഗത്തെത്തിയെങ്കിലും കോൺഗ്രസ് ഹൈക്കമാൻഡ് കുലുങ്ങിയില്ല. കാരണം പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയുമായി ശ്രീനിവാസൻ കൃഷ്ണനുള്ള അടുപ്പം തന്നെ.

വദ്ര ബന്ധത്തിൻ്റെ വഴികൾ
തൃശൂർ സ്വദേശിയായ ശ്രീനിവാസൻ കൃഷ്ണൻ പഠിച്ചത് ബാംഗ്ലൂർ ഐഐഎമ്മിലും കോഴിക്കോട് എൻഐടിയിലുമാണ്. ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ പ്രവേശിച്ച ഇദ്ദേഹം തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ന്യൂസ് എഡിറ്ററായിരുന്നു. 1995ൽ നരസിംഹറാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായ കെ കരുണാകരൻ്റെ ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി (ഒഎസ്ഡി ) യാ യി. സോണിയ ഗാന്ധിയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നതും ഇക്കാലത്താണ്. സോണിയ ഗാന്ധിയുടെ സെക്രട്ടറി തൃശൂർ സ്വദേശി മാധവനുമായുള്ള അടുപ്പം സ്വാധീനം വർധിപ്പിച്ചു.
വദ്രയുമായി പങ്കാളിത്തം
2008ൽ പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വദ്രയും ഡയറക്ടർമാരായി തുടങ്ങിയ ചാർട്ടർ വിമാന കമ്പനിയാണ് ബ്ലൂ ബ്രീസ് ട്രേഡിംഗ് കമ്പനി. പ്രിയങ്ക ഗാന്ധി ഡയറക്ടർ സ്ഥാനം ഒഴിഞ്ഞപ്പോൾ പകരമെത്തിയത് ശ്രീനിവാസൻ കൃഷ്ണൻ. 2011 ൽ ബ്ലൂ ബ്രീസ് ഡയറക്ടർ സ്ഥാനം ശ്രീനിവാസൻ കൃഷ്ണൻ ഒഴിഞ്ഞു.
വദ്രക്കു പങ്കാളിത്തമുള്ള സാകേത് ഹോളിഡേയ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഡയറക്ടറായി ശ്രീനിവാസൻ കൃഷ്ണൻ നിയമിതനായത് 2009ലാണ്. വദ്രയുടെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളായ പ്രോവെസ് ബിൽഡ്കോൺ ,ക്ലെവാ ബിൽഡേഴ്സ് ആൻ്റ് ഡെവലപ്പേഴ്സ് എന്നിവയുടെ ഡയറക്ടറായത് 2010ലും. ഡി എൽ എഫും വദ്ര കുടുംബവും സംയുക്തമായി പ്രവർത്തിപ്പിച്ച സ്ഥാപനങ്ങളാണ് പ്രോവെസും ക്ലെവയും . വദ്രക്കു പങ്കാളിത്തമുള്ള എല്ലാ സ്ഥാപനങ്ങളിലേയും ഡയറക്ടർ പദവി 2011 ൽ ശ്രീനിവാസൻ കൃഷ്ണൻ ഒഴിഞ്ഞു. നിലവിൽ കൊച്ചി ആസ്ഥാനമായ മാൻ പവർ സ്ഥാപനം അശ്വിൻ എൻ്റർപ്രൈസസിൻ്റേയും റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശ്രീജോ റിയൽറ്റേഴ്സിൻ്റെയും ഡയറക്ടറാണ് ശ്രീനിവാസൻ കൃഷ്ണൻ. കൊച്ചി പനമ്പിളി നഗറിൽ താമസിക്കുന്ന ശ്രീനിവാസൻ കൃഷ്ണന് വദ്ര ബന്ധം രാജ്യസഭയിലേക്ക് വഴിയൊരുക്കുമോ എന്നത് ആശങ്കയോടെ ഉറ്റുനോക്കുകയാണ് കോൺഗ്രസിലെ ചില നേതാക്കൾ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും പലരും വിളിച്ച് ശ്രീനിവാസൻ കൃഷ്ണനെ അഭിനന്ദിക്കുന്നുണ്ട്.
Story Highlights: facts about Srinivasan Krishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here