ഒമാനിൽ ചരക്കു കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ നടുക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ചരക്കു കപ്പലിന് തീപിടിച്ച് കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒമാനിൽ ദോഫാർ ഗവർണറേറ്റിലെ ദാൽക്കൂട്ട് വിലായത്തിലെ ബീച്ചിൽനിന്ന് 18 നോട്ടിക്കൽ മൈൽ അകലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഗുജറാത്ത് സ്വദേശി ഹംജൻ ഗനിയെയാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് കപ്പലിന് തീപിടിച്ചത്. രക്ഷപ്പെടുത്തിയ മറ്റ് 14 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എത്രയും പെട്ടെന്ന് ഇവരെ നാട്ടിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജന്‍റ് കെ. സനാതനൻ വ്യക്തമാക്കി.
Read Also : സൗദിയിലെ പൊടിക്കാറ്റ്; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അപകടത്തിൽപ്പെട്ട കപ്പലിൽ ഗുജറാത്ത് സ്വദേശികളായ 15 ജീവനക്കാരാണുണ്ടായിരുന്നത്. കപ്പൽ യമനിൽനിന്ന് സാലാലയിലേക്ക് വരുകയായിരുന്നു. കപ്പൽ കത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡ് പൊലീസാണ് കപ്പലിൽ ജോലി ചെയ്യുന്ന 14 പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്.
കോസ്റ്റ് ഗാർഡിന്‍റെ നേതൃത്വത്തിൽ കാണാതായ ഇന്ത്യക്കാരനുവേണ്ടി തെരച്ചിൽ നടത്തിവരുകയായിരുന്നു. ഹംജൻ ഗനിയയുടെ മൃതദേഹം സലാലയിൽത്തന്നെ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
Story Highlights: Indian man missing from ship found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here