Advertisement

മഞ്ഞപ്പട ഗോവയിലേക്ക്; ഫറ്റോർഡ മഞ്ഞ പുതയ്ക്കും

March 16, 2022
Google News 2 minutes Read
kerala blasters final isl

6 വർഷങ്ങൾക്കു ശേഷം മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനൽ കളിക്കുകയാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഐഎസ്എലിൽ കാണികളെ അനുവദിക്കുന്നില്ലെങ്കിലും ഇത്തവണ ഫൈനലിൽ ആരാധകർക്ക് പ്രവേശനമുണ്ട്. ഈ മാസം 20ന് ഗോവ ഫറ്റോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരം കാണാൻ ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടമായ മഞ്ഞപ്പട ഒഴുകിയെത്തുമാണ് കരുതപ്പെടുന്നത്. (kerala blasters final isl)

ഞായറാഴ്ചത്തെ ഫറ്റോർഡ എങ്ങനാവുമെന്നെതിൻ്റെ സാമ്പിൾ ജംഷഡ്പൂരിനെതിരായ സെമിഫൈനലുകൾ പ്രദർശിപ്പിച്ച ഫാൻ പാർക്കുകളിൽ കണ്ടു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻ്റെ പരിസരത്തും കോഴിക്കോട് ബീച്ചിലും സംഘടിപ്പിച്ച ഫാൻ പാർക്കുകളിൽ ആയിരക്കണക്കിന് ആരാധകരാണ് ഒത്തുകൂടിയത്. ആർപ്പുവിളിച്ചും ആരവമുയർത്തിയും പടക്കം പൊട്ടിച്ചും അവിടെ ഒരുമിച്ചുകൂടിയ മഞ്ഞ സാഗരം ഫൈനലിൽ ഫറ്റോർഡയുടെ ഗാലറിയെ തീപിടിപ്പിക്കും.

6 വർഷങ്ങൾക്കു ശേഷം ഫൈനലിലെത്തിയത് മാത്രമല്ല. ഗ്രൂപ്പ് ഘട്ടത്തിലും അതിനു മുൻപ് നടന്ന പ്രീസീസണിലും തകർക്കാൻ കഴിയാത്ത ഉരുക്കുകോട്ട തകർത്താണ് ബ്ലാസ്റ്റേഴ്സിൻ്റെ ഫൈനൽ പ്രവേശനമെന്നതും സ്പെഷ്യലാണ്. പ്രീ സീസണിൽ രണ്ട് തവണ ജംഷഡ്പൂരുമായി ഏറ്റുമുട്ടിയപ്പോൾ ആദ്യത്തെ കളി മടക്കമില്ലാത്ത 3 ഗോളിന് ബ്ലാസ്റ്റേഴ്സ് കീഴടങ്ങി. രണ്ടാമത്തെ കളിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ഇത് നേരെ തിരിഞ്ഞു. ആദ്യ മത്സരത്തിൽ 1-1 സമനില. രണ്ടാം പാദ മത്സരം കൊവിഡ് ഇടവേളയ്ക്ക് ശേഷമായിരുന്നു. ആ കളിയിൽ മടക്കമില്ലാത്ത 3 ഗോളുകൾക്ക് ജംഷഡ്പൂർ വിജയിച്ചു.

Read Also : ‘മഞ്ഞപ്പട തന്നെ കൊമ്പന്‍മാർ’; ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ

തുടരെ ഏഴ് മത്സരങ്ങൾ വിജയിച്ച് ലീഗിൽ ഒന്നാമതെത്തി ലീഗ് ഷീൽഡ് നേടിയാണ് ജംഷഡ്പൂർ സെമി കളിക്കാനെത്തിയത്. പക്ഷേ, ഋത്വിക് ദാസും ഗ്രെഗ് സ്റ്റുവർട്ടും നയിക്കുന്ന അവരുടെ മുന്നേറ്റ നിരയെ തളയ്ക്കാൻ എന്താണ് വേണ്ടതെന്ന് ഇവാൻ വുകുമാനോവിച്ചിനറിയാമായിരുന്നു. ഗ്രെഗ് സ്റ്റുവർട്ടിനെ പൂട്ടാൻ ഹോർമിപാം മുന്നിട്ടിറങ്ങിയപ്പോൾ ഋത്വികിനെ ഖബ്ര പോക്കറ്റിലിട്ടു. ഗ്രെഗും ഋത്വികും മാർക്ക് ചെയ്യപ്പെട്ടതോടെ ജംഷഡ്പൂരിൻ്റെ ബോൾ സപ്ലേ വരണ്ടു. അവർ പാനിക്കായി. ചിമ ചുക്‌വ ചില ഷോട്ടുകളുതിർത്തെങ്കിലും ഉന്നമില്ലാത്തതു കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. ഇതിനിടെ കിട്ടിയ ഒരു അവസരം നമ്മൾ സഹലിലൂടെ ഗോളാക്കിയത് ജംഷഡ്പൂരിനെ ഞെട്ടിച്ചു. ഈ ഞെട്ടലാണ് പിന്നീട് ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. ആദ്യ പാദത്തിൻ്റെ രണ്ടാം പകുതിയിൽ തിരികെ ഗോളടിക്കാനുള്ള ശ്രമത്തിനിടെ ജംഷഡ്പൂർ ഫിസിക്കൽ ഗെയിം പുറത്തെടുത്തു. അതും നടന്നില്ല.

രണ്ടാം പാദത്തിൽ ഒരു ഗോൾ ഭാരത്തോടെ എത്തിയ അവരെ കാത്തിരുന്നത് വീണ്ടും ഹോർമിപാമും ഖബ്രയുമായിരുന്നു. ഒപ്പം ക്ലിയർ കട്ട് ക്ലിയറൻസുകളുമായി ലെസ്കോവിച്ചും. ഋത്വികിനും ഗ്രെഗിനുമൊപ്പം ഇഷാൻ പണ്ഡിറ്റയും ഫസ്റ്റ് ഇലവനിൽ കളിച്ച് ഓൾ ഔട്ട് അറ്റാക്കാണ് ജംഷഡ്പൂർ പരീക്ഷിച്ചത്. എന്നാൽ, ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ മറികടക്കാൻ ജംഷഡ്പൂരിനു കഴിഞ്ഞില്ല. 18ആം മിനിട്ടിൽ ലൂണ ബ്രില്ല്യൻസ് ബ്ലാസ്റ്റേഴ്സിൻ്റെ ലീഡ് വർധിപ്പിച്ചപ്പോൾ ജംഷഡ്പൂർ വീണ്ടും പാനിക്കായി. രണ്ട് പാദങ്ങളിലും പീറ്റർ ഹാർട്‌ലിയുടെ നേതൃത്വത്തിലുള്ള ജംഷഡ്പൂർ പ്രതിരോധ നിരയെ കീഴ്പ്പെടുത്താനും പരീക്ഷിക്കാനും ബ്ലാസ്റ്റേഴ്സിനു സാധിച്ചു. രണ്ടാം പാദത്തിൽ ജംഷഡ്പൂർ സമനില പിടിക്കുന്നത് ഒരു ഹാൻഡ് ബോളിൻ്റെ ബലത്തിലാണ്. റഫറി അത് കണ്ടില്ലെന്ന് നടിച്ചു. അഗ്രഗേറ്റിൽ 2-1ന് ജയിച്ച് ബ്ലാസ്റ്റേഴ്സ് ഫൈനൽ ടിക്കറ്റ് നേടുമ്പോൾ അത് ഇവാൻ വുകുമാനോവിച്ച് എന്ന ടാക്ടീഷ്യൻ്റെ കൂടി വിജയമാകുന്നു.

Story Highlights: kerala blasters final isl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here