വധഗൂഢാലോചനാ കേസ്; സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്; വീട്ടിൽ റെയ്ഡ്

വധഗൂഢാലോചനാ കേസിൽ പൊലീസിനെതിരെ ആരോപണമുന്നയിച്ച സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാജ തെളിവുകൾ നൽകാൻ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുകയാണെന്ന് നേരത്തെ സായ് ശങ്കർ ആരോപിച്ചിരുന്നു. സായ് ശങ്കറുടെ കോഴിക്കോട്ടെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുകയാണ്.
വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ ആവശ്യം. എന്നാൽ, നാളെ ഹാജരാകണോ എന്നതിൽ ഇതുവരെ സായ് ശങ്കർ തീരുമാനം എടുത്തിട്ടില്ല.
വധഗൂഢാലോചന കേസിൽ ദിലീപിനെ വിളിച്ചവരിൽ ഡിഐജിക്കും പങ്കെന്ന് വിവരം. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചതിന്റെ രേഖകൾ ട്വന്റി ഫോറിന് ലഭിച്ചു.
ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപുമായി സംസാരിച്ചത് 4 മിനിറ്റ് 12 സെക്കൻഡ്. ജനുവരി 8 ന് വാട്‍സ് ആപ് കാൾ വഴിയാണ് സംസാരിച്ചത്. ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ വിളിച്ചതിന് ശേഷമാണ് ദിലീപ് ഫോൺ കൈമാറിയത്. അഭിഭാഷകനുമായി ഫോണിൽ ബന്ധപ്പെട്ടതിന് പിന്നാലെയായിരുന്നു ഡിഐജി സഞ്ജയ് കുമാർ ഗുരുദിനുമായി ദിലീപ് സംസാരിച്ചത്. സംവിധായകൻ ബാലചന്ത്രകുമാറിന്റെ പരാതിക്ക് പിന്നാലെയാണ് ഫോൺ വിളിച്ചത്.
കൂടുതൽ വിവരങ്ങൾ ഡിഐജി സഞ്ജയ് കുമാർ ഗുരുദിൻ ദിലീപിന് ചോർത്തി നൽകിയിരുന്നോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
Story Highlights: dileep case sai shankar crime branch notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here