ബാറിൽ വിദേശ വനിതകൾ മദ്യം വിളമ്പിയ സംഭവം; ഡെപ്യൂട്ടി കമ്മീഷണർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊച്ചി ഹാർബർ വ്യൂ ഹോട്ടലിലെ ഫ്ലൈ ഹൈ ബാറിൽ വിദേശ വനിതകൾ മദ്യം വിളമ്പുകയും ഡാൻസ് ബാർ നടത്തുകയും ചെയ്ത സംഭവത്തിൽ എറണാകുളം ഡെപ്യൂട്ടി കമ്മീഷണർ ഇന്ന് എക്സൈസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിക്കും. ലൈസൻസ് ചട്ടങ്ങളിൽ ലംഘനം നടന്നു എന്നതാണ് എക്സൈസിന്റെ കണ്ടെത്തൽ. സ്റ്റോക്ക് ബുക്ക് സൂക്ഷിക്കാതെ ഇരുന്നതും ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. (fly high bar report)
ഇക്കഴിഞ്ഞ പതിനൊന്നാം തീയതി ആണ് ഫ്ലൈ ഹൈ ബാറിൽ ഡാൻസ് ബാർ സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇവിടെ പരിശോധന നടത്തുകയും മാനേജർക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഹാർബർ വ്യൂ ഹോട്ടലിന് എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്.
ബാറുകളിൽ സ്ത്രീകൾ മദ്യം വിളമ്പുന്നത് നിയമ ലംഘനം തന്നെയെന്ന് എറണാകുളം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വ്യക്തമാക്കി. വിദേശ മദ്യ നിയമം 27 എ, ബാർ ലൈസൻസ് 9 എ എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വി.ടിനിമോൻ പറഞ്ഞു.
Read Also : കൊച്ചി ഹാര്‍ബര്‍ വ്യൂ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ യുവതികള്‍; ഉടമയ്‌ക്കെതിരേ കേസ്
കൊച്ചിൻ ഷിപ്‌യാർഡിനടുത്തുളള ഹാർബർ വ്യൂ ഹോട്ടൽ ഇക്കഴിഞ്ഞ ദിവസമാണ് ഫ്ലൈ ഹൈ എന്ന പേരിൽ നവീകരിച്ച് പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ പബ് എന്ന പേരിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. സിനിമാമേഖലയിലെ നിരവധിപ്പേരെ സ്പെഷ്യൽ ഗസ്റ്റുകളായി അണിനിരത്തിയിരുന്നു. ഒപ്പം ചടുലൻ നൃത്തത്തിന്റെ അകമ്പടിയും ഉണ്ടായി.
ബിവറേജസിൽ സ്ത്രീകളെ ജോലിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച കേസിൽ സ്ത്രീകൾ മദ്യം വിളമ്പരുതെന്ന വാദം നില നിൽക്കില്ലെന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടർന്ന് ബിവറേജസുകളിൽ സ്ത്രീകളെ മദ്യം വിളിമ്പുന്നതിന് നിയോഗിച്ചിട്ടുണ്ട്. എന്നാൽ വിദേശ മദ്യനിയമത്തിൽ ഭേദഗതി വരുത്താത്ത സാഹചര്യത്തിലാണ് നിയമ നടപടി സ്വീകരിച്ചതെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്. നിലവിൽ ഉള്ള നിയമം അനുസരിച്ച് സ്ത്രീകൾ മദ്യം വിളമ്പിയാൽ കേസെടുക്കും. ലിംഗ സമത്വം കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന കാലത്ത് നിയമഭേദഗതി അനിവാര്യമാണെന്നും എക്‌സൈസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.
Story Highlights: fly high bar report today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here