നമ്പർ 18 പോക്സോ കേസ്: നടന്നത് ബിസിനസ് മീറ്റെന്ന് അഞ്ജലി; വിശ്വസിക്കാതെ അന്വേഷണ സംഘം

നമ്പർ 18 പോക്സോ കേസിൽ മൂന്നാംപ്രതി അഞ്ജലിയുടെ മറുപടിയിൽ തൃപ്തി ഇല്ലാതെ അന്വേഷണ സംഘം. പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചു എന്ന് അഞ്ജലി സമ്മതിച്ചെങ്കിലും നടന്നത് ബിസിനസ് മീറ്റ് മാത്രമാണെന്നാണ് അഞ്ജലിയുടെ വാദം. നാളെ ഡിജിറ്റൽ തെളിവുകൾ നിരത്തി അഞ്ജലിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്യും. (pocso case anjali reema)
കേസിലെ ഒന്നും രണ്ടും പ്രതികളായ റോയി വയലാറ്റും സൈജു തങ്കച്ചനും റിമാൻഡിലാണ്. ഇവർക്കൊപ്പം ഇരുത്തി അഞ്ജലിയെ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ തീരുമാനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ എത്തിച്ച് കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് പീഡിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുത്തു എന്നതാണ് അഞ്ജലി ക്കെതിരായ കുറ്റം.
കഴിഞ്ഞ ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും പൊലീസിനെ വെട്ടിച്ചുനടന്ന അഞ്ജലി ഇന്നലെയാണ് ഹാജരായത്. മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അഞ്ജലി കോടതിയിൽ എത്തിയത്. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനു നൽകിയ മൊഴി.
Read Also : നമ്പർ 18 പോക്സോ കേസ്: ചോദ്യം ചെയ്യലിനു ഹാജരായില്ല; പൊലീസിനെ വെട്ടിച്ച് അഞ്ജലി റിമാ ദേവ്
വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.
മോഡലുകളുടെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതി സൈജു തങ്കച്ചൻ അമിതവേഗത്തിൽ വാഹനം പിന്തുടർന്നതാണ് മോഡലുകളടെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ നിർദേശിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
Story Highlights: pocso case anjali reema dev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here