കെടി ജലീൽ അധിക്ഷേപിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. കെടി ജലീൽ എംഎൽഎ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമെന്ന് എംഎൽഎ പറഞ്ഞു എന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.
കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് പടിക്കലെത്തിയത്. ആദ്യ ദിവസം ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞാണ് പ്രതിഷേധം നടത്തിയത്. ഇതിൻ്റെ തുടർ പ്രതിഷേധമാണ് ഇത്. കഴിഞ്ഞ ദിവസം മലപ്പുറത്തെ എംഎൽഎ കൂടിയായ കെടി ജലീലിനെ ഇവർ സന്ദർശിച്ചിരുന്നു. തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധ പരിപാടികളെപ്പറ്റി അറിയിച്ചപ്പോൾ ‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ എന്ന് പറഞ്ഞ് ജലീൽ അധിക്ഷേപിച്ചു എന്ന് ഇവർ ആരോപിക്കുന്നു.
‘മുഖ്യമന്ത്രിയോട് സമരപരിപാടിയെപ്പറ്റി പറഞ്ഞപ്പോൾ, ‘സമരം നിങ്ങളുടെ അവകാശമാണ്. നിങ്ങൾ ചെയ്തോ’ എന്നാണ് പറഞ്ഞത്. ഭരണപക്ഷത്തുള്ള എംഎൽഎയെ പോയി കണ്ടപ്പോൾ ഞങ്ങളോട് ചോദിച്ചത്, ‘നിങ്ങളോട് ആരുപറഞ്ഞു സമരത്തിനിറങ്ങാൻ?’ എന്നാണ്. ഞങ്ങൾ സമരം കണ്ടിട്ടില്ല. ആദ്യമായാണ് സമരത്തിനിറങ്ങുന്നത്. എല്ലാവരെപ്പോലെ ഒരു സർക്കാർ ജോലി ഞങ്ങൾ ആഗ്രഹിച്ചു. യാതൊരു മാനദണ്ഢവും പാലിക്കാതെ മലപ്പുറത്ത് ലിസ്റ്റ് ചുരുക്കി. ചെയ്തത് ശരിയെന്നോ തെറ്റെന്നോ പറയണം. ഇനി ഞങ്ങളെന്താ ചെയ്യേണ്ടത്. ഞങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ സർക്കാരിനെ ഞങ്ങൾ വിശ്വസിച്ചു. എത്ര വനിതാ മന്ത്രിമാരുണ്ട് നിയമസഭയിൽ. ഒരു മന്ത്രി തിരിഞ്ഞുനോക്കിയോ?’- ഉദ്യോഗാർത്ഥികൾ ചോദിക്കുന്നു.
Story Highlights: secretariat lp school teachers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here