ഇത് അവന്റെ കാലമല്ലേ, ‘ലൂണാ’; കളത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹൃദയമായി അഡ്രിയാന്‍ ലൂണ

കളത്തില്‍ കേരള ബ്ലാസ്റ്റേഴസിന്റെ പടക്കുതിരയാണ് അഡ്രിയാന്‍ ലൂണയെന്ന ഉറുഗ്വേക്കാരന്‍. ബ്ലാസ്റ്റേഴ്‌സിന്റെ കളിക്ക് താളവും മുറുക്കവും നല്‍കി മുന്നോട്ടുനയിച്ച ക്യാപ്റ്റന്‍. ഫൈനലിലെത്തുമ്പോള്‍ സീസണിലെ മുതല്‍ക്കൂട്ടായി ഈ ഇരുപത്തൊമ്പതുകാരന്റെ പേരില്‍ ആറ് ഗോളുണ്ട്. അവസരമൊരുക്കിയത് ഏഴെണ്ണത്തിനും. പാസുകളിലും കൃത്യതയുള്ള ക്രോസുകളിലും മുന്നില്‍. ഇരയെ വേട്ടായുടുന്ന പരുന്തുകളുടെ മെയ് വഴക്കത്തോടെ എതിരാളികളുടെ കാലില്‍നിന്ന് പന്തു റാഞ്ചിയെടുക്കാന്‍ മിടുക്കനാണ് ഈ മധ്യനിരക്കാരന്‍.
കരുത്തരായ ഹൈദരാബാദ് എഫ്‌സിക്കെതിരെ ഇറങ്ങുമ്പോള്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ നെടുന്തൂണ്‍. എതിര്‍ പ്രതിരോധത്തെ കീറിമുറച്ച് ലൂണ നല്‍കുന്ന പാസുകളും ലോങ് ക്രോസുകളുമാകും അല്‍വാരോ വാസ്‌കസിനും ജോര്‍ജ് ഡയസിനും ഗോളിലേക്കുള്ള വഴിയൊരുക്കുക. ബോക്‌സിന് പുറത്തെ ഏതു നീക്കത്തിലും അപകടം വിതയ്ക്കാനുള്ള കഴിവുണ്ട്. എടികെ മോഹന്‍ ബഗാന്‍, ചെന്നൈയിന്‍ എഫ്‌സി ടീമുകള്‍ക്കെതിരായ ലൂണയുടെ ഫ്രീകിക്ക് ഗോളുകള്‍ അതിന് അടിവരയിടുന്നു. സീസണില്‍ തൊടുത്ത ഗോളുകളെല്ലാം മനോഹരമായിരുന്നു.
മുന്നേറ്റത്തില്‍ വാസ്‌കസുമായി എളുപ്പത്തില്‍ കണ്ണിചേരാന്‍ കഴിയുന്നതിനൊപ്പം മധ്യനിരയില്‍ പുയ്ട്ടിയക്കൊപ്പം ചേര്‍ന്ന് ഒന്നാന്തരം നീക്കങ്ങളുമുണ്ടാക്കുന്നു. എവിടെവച്ചും പ്രതിരോധത്തെ പിളര്‍ത്തി ബോക്‌സിലേക്ക് പാസുകള്‍ നല്‍കും. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ മനസാണ് കളത്തില്‍ ലൂണ കാലുകള്‍ കൊണ്ട് വരയ്ക്കുന്നത്.
കഴിഞ്ഞ രണ്ട് സീസണുളില്‍ ഓസ്‌ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റിക്കൊപ്പമായിരുന്നു. 49 കളിയില്‍ എട്ട് ഗോള്‍ നേടി. കഴിഞ്ഞ സീസണില്‍ 24 മത്സരങ്ങളില്‍ ഇറങ്ങി.
Story Highlights: Adrian Luna leading by example at Kerala Blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here