തിരുവനന്തപുരത്ത് കെ റെയിൽ വിരുദ്ധ സമരം; സർവ്വേക്കല്ല് പിഴുതു മാറ്റി യു.ഡി.എഫ്

തിരുവനന്തപുരത്തും കെ-റെയിൽ വിരുദ്ധ സമരം. മുരുക്കുംപുഴയിൽ യു.ഡി.എഫ് സംഘം കെ-റെയിൽ സർവ്വേക്കല്ല് പിഴുതു മാറ്റി. യു.ഡി.എഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിലാണ് സർവ്വേക്കല്ല് പിഴുതുമാറ്റിയത്. നടക്കാൻ സാധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി അന്യായമായി ഭൂമി ഏറ്റെടുക്കുകയാണെന്നും ആളുകളെ പെരുവഴിയിലിറക്കാൻ അനുവദിക്കില്ലെന്നും എം.എം ഹസൻ പറഞ്ഞു.
മുരുക്കുംപുഴ റെയിൽവേ സ്റ്റേഷന് സമീപം ബിബിന ലാൻസിയുടെ പുരയിടത്തിൽ സ്ഥാപിച്ച കല്ലാണ് ആദ്യം പിഴുതുമാറ്റിയത്. തുടർന്ന് നിരവധി വീടുകൾ യു.ഡി.എഫ് സംഘം സന്ദർശിച്ചു. കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് സമരം കടുപ്പിക്കാൻ ഒരുങ്ങുകയാണ്. സർവ്വേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പൊതുജന പ്രതിഷേധവും ശക്തമാണ്. കോഴിക്കോടും, ചങ്ങനാശേരിയിലും പ്രതിഷേധക്കാരെ പൊലീസ് നേരിട്ട രീതിയിൽ വിമർശനം ഉയർന്നിരുന്നു.
മാടപ്പളളിയില്‍ നടന്നത് നന്ദിഗ്രാമിന്റെ തനിയാവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമർശിച്ചു. സ്ത്രീകളോടും കുട്ടികളോടും പൊലീസ് ദയ കാണിച്ചില്ലെന്നും ജനകീയ സമരത്തെ അടിച്ചമര്‍ത്താനായി എന്ത് ക്രൂരത കാണിക്കാനും മടിയില്ലാത്ത പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചെന്നും വി ഡി സതീശന്‍ ആഞ്ഞടിച്ചു. സില്‍വര്‍ലൈന്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരായി ഇന്നലെ കടുത്ത പൊലീസ് നടപടിയുണ്ടായ ചങ്ങനാശേരി മാടപ്പളളി സന്ദര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.
Story Highlights: anti-k-rail-strike-in-thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here